Sunday, April 6, 2025

ഇതുവരെയുള്ള വലിയ വ്യാപനം; ചൈനയില്‍ കോവിഡ് കേസുകള്‍ ഇരട്ടിയിലധികമായി; 13 ലേറെ നഗരങ്ങളില്‍ ലോക്ഡൗണ്‍

കോവിഡ് മഹാമാരിയുടെ ആദ്യ നാളുകള്‍ക്കുശേഷമുള്ള ഏറ്റവും വലിയ വ്യാപനം അഭിമുഖീകരിക്കുന്ന ചൈനയില്‍ പുതിയ കേസുകള്‍ മുന്‍ ദിവസത്തേക്കാള്‍ ഇരട്ടിയായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രാദേശികമായി പടരുന്ന 3,507 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതായി ദേശീയ ആരോഗ്യ കമ്മിഷന്‍ അറിയിച്ചു. ഒരു ദിവസം മുമ്പ് ഇത് 1,337 ആയിരുന്നു. 13ലേറെ നഗരങ്ങളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റു ചില നഗരങ്ങളില്‍ ഭാഗിക ലോക്ഡൗണുമുണ്ട്.

2020 ന്റെ തുടക്കത്തില്‍ ചൈനയില്‍ കോവിഡ്-19 ആദ്യമായി പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്് ഇപ്പോഴത്തേത്. ‘സ്റ്റെല്‍ത്ത് ഒമിക്രോണ്‍’ എന്നറിയപ്പെടുന്ന അതിവേഗം പടരുന്ന വകഭേദമാണ് ചൈനയില്‍ ഇപ്പോള്‍ വ്യാപിക്കുന്നത്. മാര്‍ച്ചിലെ ആദ്യ രണ്ടാഴ്ചയില്‍ പതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

2020ന്റെ തുടക്കത്തില്‍ വുഹാനില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയശേഷം ചൈനയില്‍ വളരെ കുറച്ച് കോവിഡ് കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചിരുന്നത്. വൈറസ് പകരുന്നത് എത്രയും വേഗം തടയുന്നതില്‍ ഒട്ടും അയവില്ലാത്ത സമീപനമെന്ന തന്ത്രം സ്വീകരിച്ചതിന്റെ ഫലമായിരുന്നു ഇത്. അതേസമയം, ചൈനയിലുടനീളമുള്ള ഒന്നിലധികം വ്യാപനങ്ങളില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ചൈനയിലെ പുതിയ കേസുകളില്‍ നാലില്‍ മൂന്ന് ഭാഗവും വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലാണ്. ഇവിടെ 2,601 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഡസനിലധികം പ്രവിശ്യകളിലും ബീജിങ്, ഷാങ്ഹായ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലും ചെറിയ തോതില്‍ വ്യാപനമുണ്ട്.

ജിലിനില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തുപോകുന്നതിനും പ്രവശ്യക്കുള്ളിലെ നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്. പ്രവിശ്യാ തലസ്ഥാനവും വാഹന നിര്‍മാണ കേന്ദ്രവുമായ ചാങ്ചുന്‍ വെള്ളയാഴ്ച മുതല്‍ ലോക്ക്ഡൗണിലാണ്. ഒന്‍പത് ദശലക്ഷം നിവാസികളുള്ള ചാങ്ചുനിലും ജിലിന്‍ നഗരത്തിലും ആളുകളെ ആവര്‍ത്തിച്ചുള്ള കൂട്ട കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.

 

Latest News