ഇന്ത്യയിലെ ആദ്യത്തെ ഓഫീസിനായി ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള ടെസ്‌ല പൂനെയിൽ സ്ഥലം ഏറ്റെടുത്തു. പൂനെയിലുള്ള പഞ്ച്ഷിൽ ബിസിനസ് പാർക്കിലാണ് ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ്, ഓഫീസിനുള്ള സ്ഥലം ഏറ്റെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎസിൽ വച്ചു നടത്തിയ കൂടിക്കാഴ്‌ചയില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുമെന്ന് ഇലോൺ മസ്‌ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പഞ്ച്ഷിൽ ബിസിനസ് പാർക്ക് എന്ന പേരിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ബി വിംഗിന്റെ ഒന്നാം നിലയിലാണ് ടെസ്‌ല ഓഫീസ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. ഏകദേശം 5,850 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള ഓഫീസാണ് ഇതെന്നും അഞ്ച് കാർ പാർക്കുകളും 10 ബൈക്ക് പാർക്കുകളും കരാറില്‍ ഉള്‍പ്പെടുന്നതായും ഡാറ്റാ അനലിറ്റിക്‌സ് കമ്പനിയായ സിആർഇ മെട്രിക്‌സ് അറിയിച്ചു. നേരത്തെ ടെസ്‌ലയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഇൻവെസ്‌റ്റ് ഇന്ത്യയുടെ പ്രതിനിധികളുമായി ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾക്കായി ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നത് ചർച്ച ചെയ്യാൻ കൂടിക്കാഴ്‌ചയും നടത്തിയിരുന്നു.
ടേബിൾസ്‌പേസ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായും ടെസ്ല അഞ്ച് വർഷത്തെ പാട്ടക്കരാർ ഒപ്പുവെച്ചിട്ടുണ്ട്. പ്രതിമാസ വാടക 11.65 ലക്ഷം രൂപയും അഞ്ച് വർഷത്തേക്ക് 34.95 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകുമെന്നും, സിആർഇ മെട്രിക്‌സ് പറയുന്നു. ഏകദേശം 11 ലക്ഷം ചതുരശ്ര അടി വിസ്‌തൃതിയുള്ള പഞ്ച്ഷിൽ ബിസിനസ് പാർക്കില്‍, വിമാനത്താവളം ഉൾപ്പെടെ പൂനെയിലെ പ്രധാന മേഖലകളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.