Wednesday, November 27, 2024

ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണ് അബു ഹുസൈനി ഒരു ഏറ്റുട്ടലില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. അതേസമയം, ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പുതിയ തലവനായി അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷിയെ പ്രഖ്യാപിക്കുകയും ചെയ്തു.

അബു ഹുസൈനി അൽ ഖുറേഷിയുടെ ഇസ്ലാമിക് സ്റ്റേറ്റും മറ്റൊരു സംഘടനയായ ഹയാത് താഹിർ അൽ ഷാം സംഘവുമായി ഉണ്ടായ നേരിട്ടുള്ള സംഘർഷത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. സിറിയയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലായിരുന്നു ഏറ്റുമുട്ടല്‍. പിന്നാലെ ടെലഗ്രാം ആപ്പ് വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ വക്താവ്, അബു ഹുസൈനിയുടെ മരണ വിവരവും പുതിയ തലവൻ ചുമതലയേറ്റ വിവരവും പുറത്തുവിട്ടത്. റെക്കോർഡ് ചെയ്ത സന്ദേശമായിരുന്നു ഇത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് ഇവർ വ്യക്തമാക്കിയിട്ടില്ല. തുർക്കി പ്രസിഡന്റ് എർദോഗൻ ഏപ്രിലിൽ ഇയാളെ സിറിയയിൽ വച്ച് കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു.

ഭീകരസംഘടനയുടെ പ്രവർത്തനം ആരംഭിച്ച ശേഷം ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായി മാറുന്ന അഞ്ചാമത്തെയാളാണ് അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷി. ഇതിന് മുൻപുള്ള നാല് പേരും കൊല്ലപ്പെടുകയായിരുന്നു. അബു ഹാസൻ അൽ ഹാഷിമി അൽ ഖുറേഷി നവംബറിലും അബു ഇബ്രാഹിം അൽ ഖുറേഷി 2022 ഏപ്രിലിലും അബു ബക്കർ അൽ ബാഗ്ദാദി 2019 ഒക്ടോബറിലുമാണ് കൊല്ലപ്പെട്ടത്.

Latest News