സൈന്യം ഭരണം പിടിച്ചെടുത്ത ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ നിന്നും ഇന്ത്യക്കാർ അടക്കമുള്ള വിദേശ പൗരന്മാരെ ഒഴിപ്പിച്ചതായി ഫ്രഞ്ച് ഭരണകൂടം. ഇന്ത്യക്കാരടക്കം 992 പേരെയാണ് കഴിഞ്ഞ രണ്ട് ദിവസത്തിൽ ഫ്രാന്‍സ് മോചിപ്പിച്ചത്. ഇതു സംബന്ധിച്ച വിവരം ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി ഇമ്മാനുവൽ ലെനൈനാണ് അറിയിച്ചത്.
ആഫ്രിക്കൻ രാജ്യമായ നൈജറിൽ പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ പുറത്താക്കി കഴിഞ്ഞയാഴ്ചയാണ് സൈന്യം ഭരണം പിടിച്ചെടുത്തത്. അധികാരം പിടിച്ചെടുത്തതിനുപിന്നാലെ ഭരണഘടനയും സൈന്യം റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് വിദേശപൗരന്മാരെ ഒഴിപ്പിക്കുന്നതിനായി ഫ്രാന്‍സ് ദൗത്യം ആരംഭിച്ചത്.
നൈജറിൽ നിന്ന് വിമാനമാർഗമാണ് ഇന്ത്യന്‍ പൗരന്മാര് ഉള്‍പ്പടെയുള്ള വിദേശ പൗരന്മാരെ ഫ്രാന്‍സ് മടക്കി കൊണ്ടുവന്നത്. എന്നാല്‍ ഒഴിപ്പിക്കപ്പെട്ട ഇന്ത്യക്കാരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.