ദീര്‍ഘ നാളുകളായി തങ്ങളുടെ അക്കൗണ്ടുകള്‍ ഉപയോഗിക്കാത്തവര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍ രംഗത്ത്. രണ്ടുവർഷത്തിനിടെ ഗൂഗിളിൽ ഒരു തവണ പോലും സൈൻ അപ്പ് ചെയ്യാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഡിസംബർ 31 മുതലാകും നടപടികള്‍ ആരംഭിക്കുകയെന്നും ഗുഗിള്‍ അറിയിച്ചു.
സുരക്ഷയുടെ ഭാഗമായാണ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ഒരുങ്ങുന്നതെന്നാണ് നടപടിയെ കുറിച്ച് ഗൂഗിളിന്റെ വിശദീകരണം. കുറെ നാൾ അക്കൗണ്ട് ഉപയോഗിക്കാതിരുന്നാൽ ദുരുപയോഗത്തിനുള്ള സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കുന്നതിനു ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തെ മതിയാകു എന്ന് ഗൂഗിൾ പ്രൊഡക്ട് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി പറഞ്ഞു. ഇതുകൂടാതെ ഇത്തരം അക്കൗണ്ടുകൾ സുരക്ഷയുടെ ഭാഗമായുള്ള ടു ഫാക്ടർ ഓതന്റിഫിക്കേഷന് വിധേയമാക്കാനുള്ള സാധ്യതയും കുറവാണ്. ഇത് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താനുള്ള സാധ്യതയും വർധിപ്പിക്കുന്നു. ഇതെല്ലാം കണക്കിലെടുത്താണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
ജി- മെയിൽ, ഡ്രൈവ്, ഫോട്ടോസ്, മീറ്റ്, കലണ്ടർ എന്നി സേവനങ്ങൾ ഭാവിയിൽ കിട്ടാതെ വരുമെന്നതിനാൽ അക്കൗണ്ടുകൾ ഡിലീറ്റ് ആകുന്നതിന് മുൻപ് ഉപയോക്താക്കളെ മുൻകൂട്ടി അറിയിക്കും. നിരവധി ഇ-മെയിലുകൾ അയച്ചും മറ്റുമാണ് ഉപയോക്താവിനെ ഇക്കാര്യം ഓർമ്മപ്പെടുത്തുക എന്നും ഗൂഗിൾ അറിയിച്ചു. ഒരുതവണ അക്കൗണ്ട് ഡിലീറ്റ് ആയാൽ, പുതിയ അക്കൗണ്ട് തുടങ്ങുന്നതിന് ബന്ധപ്പെട്ട ജിമെയിൽ അഡ്രസ് ഉപയോഗിക്കാൻ സാധിക്കില്ല.