കാട്ടു തീ കനത്ത നാശം വിതച്ച ഗ്രീസില്‍, തീ ശമിച്ചതോടെ പ്രധാനവിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും ഉണരുന്നു. രാജ്യത്തെ പ്രധാനവിനോദസഞ്ചാര കേന്ദ്രമായ റോഡ്സ് ദ്വീപ് ഉള്‍പ്പടെയുള്ള ഇടങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഗ്രീസ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിനായി സൗജന്യ പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതായാണ് വിവരം.
ജൂലൈയിൽ പടർന്ന കാട്ടുതീയിൽ റോഡ്സിലെ വിനോദസഞ്ചാരികൾക്ക് ദ്വീപിൽ നിന്ന് ഒഴിഞ്ഞുപോകേണ്ടതായി വന്നിരുന്നു. കാട്ടുതീയിൽ ഹോട്ടലുകളും റിസോർട്ടുകളും ഉൾപ്പെടെ കത്തിനശിച്ചതിനെ തുടർന്ന് മുപ്പതിനായിരത്തോളം സഞ്ചാരികളെയാണ് ദ്വീപിൽ നിന്ന് സര്‍ക്കാര്‍ ഒഴിപ്പിച്ചത്. ഇതിന് പരിഹാരമായാണ് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സൗജന്യ പാക്കേജുമായി സർക്കാർ രംഗത്തെത്തിയത്. ഗ്രീസ് സര്‍ക്കാരും പ്രാദേശിക ഭരണകൂടവും സഹകരിച്ച ഒരാഴ്ചത്തേക്കുള്ള പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
റോഡ്സിൽ നിന്ന് മടങ്ങിപോകേണ്ടി വന്ന മുഴുവൻ സഞ്ചാരികൾക്കും അടുത്ത വസന്തകാലത്ത് ഒരാഴ്ച നീളുന്ന സൗജന്യ താമസത്തിന് അവസരമൊരുക്കുമെന്ന് ഗ്രീസ് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോടാകിസ് പറഞ്ഞു. രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മികച്ച വരുമാനം നൽകുന്നതാണ് റോഡ്സ് ദ്വീപ്. കഴിഞ്ഞ വർഷം മാത്രം 25 ലക്ഷം സഞ്ചാരികളാണ് ദ്വീപിൽ അവധി ദിവസം ആഘോഷിക്കാനെത്തിയത്. അതിനാൽ കാട്ടുതീയുടെ ആഘാതത്തിൽ നിന്ന് ദ്വീപിനെ തിരിച്ചുകൊണ്ടുവരാനായി സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ട്.