Tuesday, November 26, 2024

മെറ്റ പ്ലാറ്റ്ഫോമായ ത്രെഡ്സിന്റെ ഡിമാൻഡ് കുറയുന്നു

മൈക്രോ ബ്ലോഗിംങ് ഭീമനായിരുന്ന എക്സിനു(ട്വിറ്റര്‍) വെല്ലുവിളി ഉയര്‍ത്തി ആരംഭിച്ച മെറ്റ പ്ലാറ്റ്ഫോമായ ത്രെഡ്സിന്റെ ഡിമാൻഡ് ഇടിഞ്ഞു. ജൂലൈയില്‍ ലോഞ്ച് ചെയ്ത പ്ലാറ്റ്ഫോം ആദ്യദിനങ്ങളിൽ വൻകുതിപ്പ് നടത്തിയിരുന്നു എങ്കിലും ഇത് തുടരാന്‍ കഴിയുന്നില്ലെന്നാണ് വിവരം. മെറ്റ പ്ലാറ്റഫോമിന്‍റെ ജൂലൈ 31 വരെയുള്ള കണക്കുകള്‍ ഉദ്ധരിച്ചാണ് ത്രെഡ്സിനു ഇടിവുണ്ടായതായി സെൻസർ ടവർ റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ ത്രെഡ്‌സിന്റെ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തിൽ 82 ശതമാനം കുറവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എൺപത് ലക്ഷം ഉപയോക്താക്കൾ മാത്രമാണ് ആപ്പ് ഉപയോഗിച്ചതെന്ന് സെൻസർ ടവർ റിപ്പോര്‍ട്ട് പറയുന്നു. ആപ്പ് ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യ ആണിത്. ആദ്യനാളുകളിൽ ആപ്പിന് ഏകദേശം 44 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടായിരുന്നു.

ഉപയോക്താക്കൾ മെറ്റ വഴി ത്രെഡ്‌സ് ആപ്പ് തുറക്കുന്നത് വളരെ കുറവാണെന്നും സെൻസർ ടവർ റിപ്പോർട്ട് ചെയ്യുന്നു. ലോഞ്ച് സമയത്ത്, ആവറേജ് 19 മിനിറ്റ് സ്ക്രോളിംഗ് ടൈം ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ അത് പ്രതിദിനം 2.9 മിനിറ്റ് മാത്രമായി കുറഞ്ഞിരിക്കുന്നു. അതേസമയം, ഉപയോക്താക്കളെ ത്രെഡ്സിൽ നിലനിർത്തുന്നതിനുള്ള പദ്ധതികൾ മെറ്റ ആരംഭിച്ചു. ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് പ്രധാന ത്രെഡുകൾ ലഭ്യമാകുന്ന തരത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും പദ്ധതിയുള്ളതായി ചീഫ് പ്രൊഡക്റ്റ് ഓഫീസർ ക്രിസ് കോക്സ് നേരത്തെ പറഞ്ഞിരുന്നു.

Latest News