അധികാരത്തിനും രാഷ്ട്രീയനേട്ടത്തിനും വോട്ട് ബാങ്ക് ലക്ഷ്യംവച്ചും മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും വെല്ലുവിളിച്ച് കേരള സമൂഹത്തിൽ ഭിന്നിപ്പുകൾ സൃഷ്ടിക്കുന്നത് ഭാവിയിൽ വൻ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യൻ.
വിവിധ മതങ്ങളും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സമൂഹത്തിൽ നിലനിൽക്കുമ്പോഴും സാഹോദര്യവും സമാധാനവും പുലർത്തുന്ന കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും പൈതൃകവും അഭിമാനമേകുന്നു. എന്നാലിന്ന് മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് വിശ്വാസികളെ പരസ്പരം ത മ്മിലടിപ്പിക്കുന്ന നിരീശ്വരവാദ അജൻഡകൾ സാക്ഷര കേരളത്തിൽ വളർന്നുവരുന്നത് ജനങ്ങളിൽ ഭീതി സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഭരണനിർവഹണ വീഴ്ചകൾ മറയ്ക്കാൻ മതവിശ്വാസങ്ങളെ വെല്ലുവിളിച്ച് സമൂഹത്തിൽ ഭിന്നതകൾ സൃഷ്ടിക്കാനും ജനങ്ങളെ തെരുവിലിറക്കി തമ്മിലടിപ്പിക്കാനുള്ള രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ ആസൂത്രിതമായ അജൻഡകൾക്കെതിരേ പൊതുമനഃസാക്ഷി ഉണരണമെന്നും വി.സി. സെബാസ്റ്റ്യൻ അഭ്യർഥിച്ചു.