മ്യാന്മറിനെയും ഇന്ത്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍മാര്‍ഗം ആരംഭിക്കാന്‍ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. മിസോറാമിലെ മ്യാന്മര്‍ അതിര്‍ത്തിയില്‍ 223 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള റെയില്‍മാര്‍ഗമാണ് നിര്‍മ്മിക്കാനൊരുങ്ങുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ മേഖലയുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.
മേഖലയുടെ തന്ത്രപരമായ പ്രാധാന്യവും സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ടാണ് റെയിൽവേ മന്ത്രാലയം പദ്ധതി ഏറ്റെടുക്കാനൊരുങ്ങുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാമ്പത്തികപുരോഗതിക്ക് ഈ റെയില്‍മാര്‍ഗം സഹായകമാകുമെന്നതിനാൽ പദ്ധതിക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകിയതായി നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (എൻഎഫ്ആർ) വ്യക്തമാക്കി. ഇതിലൂടെ മ്യാന്മറിലെ സിറ്റ്‌വെ തുറമുഖംവഴി വടക്കുകിഴക്കൻ ഭാഗത്തേക്ക് ചരക്ക് കൊണ്ടുപോകുന്നതിനും അതുവഴി ചെലവും സമയവും കുറയ്‌ക്കാനാകുമെന്നും റെയില്‍വേ അവകാശപ്പെടുന്നു.
നിലവിൽ 51.38 കിലോമീറ്റർ നീളമുള്ള ബ്രോഡ്-ഗേജ് റെയിൽവേലൈൻ പദ്ധതി ബൈരാബിക്കും സൈരാംഗിനുമിടയിൽ പുരോഗമിക്കുകയാണ്. നിർദ്ദിഷ്ട പുതിയ ബ്രോഡ്-ഗേജ് ലൈൻ ഇന്ത്യയും മ്യാന്മറും തമ്മിലുള്ള വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കുന്നതിൽ നിർണ്ണായകപങ്ക് വഹിക്കും.