ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 പകര്‍ത്തിയ ആദ്യചിത്രങ്ങള്‍ ഇസ്രോ പങ്കുവച്ചു. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടന്നുകൊണ്ടുള്ള യാത്രയ്ക്കിടെ പേടകം പകർത്തിയ ദൃശ്യങ്ങളാണ് ഇസ്രോ പങ്കുവച്ചത്. അതേസമയം, ആദ്യ ചാന്ദ്രഭ്രമണപഥം താഴ്‌ത്തൽ വിജയകരമായി പിന്നിട്ടതായും ഐ.എസ്.ആർ.ഒ അറിയിച്ചു.
ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ട്രാൻസ് ലൂണാർ പഥത്തിലായിരുന്ന പേടകം, ചന്ദ്രനെ വലംവയ്ക്കുന്ന ഒന്നാമത്തെ ഭ്രമണപഥത്തിലേക്കാണ് കഴിഞ്ഞ ദിവസം എത്തിയത്. ഈ യാത്രയില്‍ നിന്നും പേടകം പകര്‍ത്തിയ ദൃശ്യങ്ങളാണ് ഐ.എസ്.ആർ.ഒ പങ്കുവച്ചത്. നിലവില്‍ ചന്ദ്രനിൽ നിന്നും 170 കിലോമീറ്റർ അടുത്ത ദൂരവും 4,313 കിലോമീറ്റർ അകന്ന ദൂരത്തിലുമുള്ള ദീർഘവൃത്താകൃതിയുലുള്ള ഭ്രമണപഥത്തിലാണ് പേടകം സ്ഥിതിചെയ്യുന്നത്.
പേടകത്തെ ചന്ദ്രനിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ നിന്നുള്ള അകലം ക്രമേണ കുറയ്‌ക്കും. ഇതിനായി അഞ്ചുഘട്ടങ്ങളിലായി പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തും. ആദ്യഭ്രമണപഥം താഴ്ത്തല്‍ ഇന്നലെ പൂര്‍ത്തിയായി. ആഗസ്റ്റ് ഒൻപതിനാണ് രണ്ടാംഘട്ട ഭ്രമണപഥം താഴ്‌ത്തൽ. ഇത്തരത്തിൽ അഞ്ചുഘട്ടങ്ങളിലായി ഭ്രമണപഥം താഴ്‌ത്തിയശേഷം ചന്ദ്രനിൽ നിന്നും 100 കി.മി. അകലത്തില്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിയ ശേഷമായിരിക്കും ലാൻഡർ പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്നും വേർപെടുന്നത്. ഇത് ഓഗസ്റ്റ് 17-നു നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് 23-ന് സോഫ്റ്റ് ലാൻഡിംഗ് നടത്താന്‍ കഴിയുമെന്നും ഇസ്രോ പ്രതീക്ഷിക്കുന്നു.