Monday, November 25, 2024

അതിഥിത്തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന നടപടികള്‍ ആരംഭിച്ചു

കേരളത്തിലുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ വിശദവിവരങ്ങള്‍ ശേഖരിക്കുന്നതിനായി അതിഥി പോര്‍ട്ടല്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സംസ്ഥാനത്തുള്ള മുഴുവൻ അതിഥിത്തൊഴിലാളികളെയും വകുപ്പിനുകീഴില്‍ രജിസ്‌റ്റര്‍ ചെയ്യിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രജിസ്ട്രേഷന്‍ സമ്പൂർണ്ണമാക്കാന്‍ ഉദ്യോഗസ്ഥര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശിച്ചു.

“പോര്‍ട്ടലില്‍ ഒരു അതിഥിത്തൊഴിലാളി പോലും രജിസ്‌റ്റര്‍ ചെയ്യപ്പെടാതെ പോകാതിരിക്കാന്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേകശ്രദ്ധ ചെലുത്തണം. ഇതിനായി ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളുടെ സഹായവും തേടാം” – മന്ത്രി പറഞ്ഞു. അതിഥിത്തൊഴിലാളികള്‍ കൂട്ടമായെത്തുന്ന റെയില്‍വേ സ്‌റ്റേഷനുകളില്‍ രജിസ്ട്രേഷന്‍ ഹെല്പ് ഡെസ്‌ക്കുകള്‍ സജ്ജമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. athidhi.lc.kerala.gov.in എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് പേരുവിവരങ്ങള്‍ രജിസ്‌റ്റർ ചെയ്യേണ്ടത്.

സംസ്ഥാനത്തൊട്ടാകെയുള്ള തൊഴില്‍വകുപ്പ് ഓഫീസുകളിലും വര്‍ക്ക് സൈറ്റുകളിലും ലേബര്‍ ക്യാമ്പുകളിലും രജിസ്‌റ്റര്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കി രജിസ്‌ട്രേഷന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. അതിഥിത്തൊഴിലാളികള്‍ക്കും അവരുടെ കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കും തൊഴിലാളികളെ രജിസ്‌റ്റർ ചെയ്യാം. പോര്‍ട്ടലില്‍ വിവിധ പ്രാദേശികഭാഷകളിലും നിര്‍ദേശങ്ങള്‍ ലഭ്യമാണെന്നും തൊഴില്‍മന്ത്രി അറിയിച്ചു. നല്‍കിയ വ്യക്തിവിവരങ്ങള്‍ എന്‍ട്രോളിങ് ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും. അതിഥിത്തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണവും സാമൂഹികസുരക്ഷ ഉറപ്പാക്കലുമാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ലേബര്‍ കമ്മിഷണർ വ്യക്തമാക്കി.

Latest News