Monday, November 25, 2024

മനുഷ്യാവകാശ കമ്മീഷൻ ചെയര്‍മാനായി ജസ്റ്റിസ് എസ്. മണികുമാര്‍ നിയമിതനാകും

മനുഷ്യാവകാശ കമ്മീഷൻ ചെയര്‍മാനായി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ നിയമിക്കാന്‍ തീരുമാനം. ജസ്റ്റിസ് ആന്റണി ഡൊമനിക്കിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ജസ്റ്റിസ് മണികുമാറിന്റെ നിയമനം. എന്നാല്‍ പ്രതിപക്ഷനേതാവിന്റെ വിയോജിപ്പോടെയാണ് തീരുമാനം പ്രാവർത്തികമാക്കിയത്.

വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി ജഡ്ജി എന്നിവരെയാണ് സാധാരണ നിലയിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നത്. മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് നിയമനസമിതിയില്‍ അംഗങ്ങളായുള്ളത്. അതേസമയം, ഹൈക്കോടതിയില്‍ നിന്ന് വിരമിക്കുന്നതിന് രണ്ടുദിവസം മുമ്പ് ജസ്റ്റിസ്, മുഖ്യമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തിരുന്നു. വിരുന്ന് വിവാദമായതോടൊപ്പം മണികുമാര്‍ സര്‍ക്കാര്‍പദവികളിലേക്ക് വരുമെന്ന പ്രചരണവും ഉയര്‍ന്നിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ടാണ് മനുഷ്യാവകാശ കമ്മീഷൻ ചെയര്‍മാനായി മണികുമാര്‍ വരുന്നത്.

ഏപ്രിൽ 24-നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ വിരമിച്ചത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ 2019 ഒക്ടോബർ 11-നാണ് ജസ്റ്റിസ് എസ്. മണികുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. അസിസ്റ്റന്റ് സോളിസിറ്റർ ജനറലായി പ്രവർത്തിച്ചുവരവെ 2006 ജൂലൈയിലാണ് അദ്ദേഹം മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്.

Latest News