ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിനായുള്ള 18 അംഗ ടീമിനെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു; ലോകകപ്പ് മത്സരത്തില്‍ പാറ്റ് കമ്മിൻസ് ഓസിസിനെ നയിക്കുമെന്നും പ്രഖ്യാപനമുണ്ട്. ലോകകപ്പിനു മുമ്പായി അന്തിമ ഇലവനെ പ്രഖ്യാപിക്കുമെന്നും ക്രക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ലോകകപ്പിനായി 18 അംഗ ടീമിനെയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ നിന്നും സെപ്റ്റംബറില്‍ നടക്കുന്ന പരമ്പര മത്സരത്തിനുശേഷം അന്തിമ ഇലവനെ ലോകകപ്പിനു മുമ്പായി തിരഞ്ഞെടുക്കും. ഒക്ടോബർ എട്ടിന് ഇന്ത്യയ്ക്കെതിരെ ചെന്നൈയിലാണ് ഓസ്ട്രേലിയയുടെ ആദ്യമത്സരം.
അതേസമയം, ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമിൽ നിന്നും മധ്യനിര ബാറ്റർ, മാർനസ് ലബുഷെയ്നെ ഒഴിവാക്കിയിട്ടുണ്ട്. ഓസ്ട്രേലിയൻ ടെസ്റ്റ് നിരയിലെ പ്രധാന താരങ്ങളിലൊരാളായ ലബുഷെയ്നു പകരം അന്താരാഷ്ട്ര മത്സരം ഇതുവരെ കളിക്കാത്ത രണ്ട് താരങ്ങൾക്കാണ് ലോകകപ്പ് ടീമില്‍ കളിക്കാൻ അവസരം നല്‍കിയിരിക്കുന്നത്. ലെഗ് സ്പിന്നർ തൻവീർ സാഗയ്ക്കും ഓൾ റൗണ്ടർ ആരോൺ ഹാർഡിക്കുമാണ് ടീമില്‍ ഇടംപിടിച്ചവര്‍. എന്നാൽ അവസാന 15-ൽ ഇരുവരും ഇടംപിടിക്കുമോയെന്ന് അറിയേണ്ടതുണ്ട്. സമീപകാലത്ത് മോശംപ്രകടനം നടത്തുന്ന ഡേവിഡ് വാർണറും 18 അംഗ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ പത്തു ടീമുകളാണ് കളിക്കുക; 48 മത്സരങ്ങളുണ്ടാകും. ഇതില്‍ ഇന്ത്യക്കുപുറമെ പാക്കിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ മത്സരത്തിന് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. എന്നാല്‍ വെസ്റ്റിൻഡീസിനും ശ്രീലങ്കയ്ക്കും യോഗ്യതാമത്സരം കളിക്കണം. നെതർലൻഡ്സ്, അയർലൻഡ്, നേപ്പാൾ, ഒമാൻ, സ്കോട്ലൻഡ്, യുഎഇ, സിംബാബ്വേ ടീമുകളും ജൂൺ 18 മുതൽ ജൂലൈ ഒമ്പതുവരെ നടക്കുന്ന യോഗ്യതാ ടൂർണമെന്റിൽ പങ്കെടുക്കും. സിംബാബ്വേയിലാണ് യോഗ്യതാ ടൂർണമെന്റ്. ആദ്യ രണ്ട് സ്ഥാനക്കാർ ലോകകപ്പിന് അർഹത നേടും.