Monday, November 25, 2024

ബാങ്ക് വിളി വിവാദം: വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍

സൗദി അറേബ്യയിൽ പള്ളിക്കുപുറത്ത് ബാങ്കുവിളി കേട്ടില്ല എന്ന വിവാദപ്രസ്താവനയ്ക്കു പിന്നാലെ വിശദീകരണവുമായി സാംസ്കാരികമന്ത്രി സജി ചെറിയാന്‍. തനിക്ക് ലഭിച്ച തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികരണം നടത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി സാഹചര്യം വിശദീകരിച്ചത്.

താന്‍ പോയപ്പോള്‍ സൗദിയില്‍ ഒരിടത്തും ബാങ്കുവിളി കേട്ടില്ലെന്നും കൂടെവന്ന ആളോടു ചോദിച്ചപ്പോള്‍ പുറത്ത് ശബ്ദം കേട്ടാല്‍ വിവരമറിയുമെന്ന് പ്രതികരിച്ചുവെന്നുമാണ് സജി ചെറിയാന്‍ നേരത്തെ പറഞ്ഞത്.
എന്നാല്‍ സംഭവം വിവാദമായതോടെയാണ് പ്രതികരണം തിരുത്തി സാംസ്കാരികമന്ത്രി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം താന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ തന്റെ ഉദ്ദേശശുദ്ധിയെ മനസ്സിലാക്കാതെ ചിലർ പ്രചരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘സൗദി അറേബ്യയിൽ സന്ദർശനം നടത്തിയ അവസരത്തിൽ മതാനുഷ്ഠാനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും, മറ്റു മതസ്ഥരോടും അന്യനാട്ടുകാരോടും അവർ കാണിക്കുന്ന സ്നേഹത്തെയും ബഹുമാനത്തെപ്പറ്റിയും സഹയാത്രികൻ പറഞ്ഞതാണ് പ്രസംഗത്തില്‍ പറഞ്ഞത്. ബാങ്കുവിളി കേട്ടില്ല എന്ന എന്റെ പരാമർശം, എനിക്കു ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണ്. ഇക്കാര്യം മനസ്സിലാക്കി തെറ്റിധാരണ മാറ്റണമെന്ന് അഭ്യർഥിക്കുകയാണ്” – മന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. മതസൗഹാർദത്തിന്റെ മികച്ച മാതൃകയാണ് സൗദിയിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News