Monday, November 25, 2024

നൈജീരിയയിൽ ഭക്ഷ്യക്ഷാമ പ്രതിസന്ധി രൂക്ഷം

കർഷകർക്കെതിരായ സായുധ ആക്രമണങ്ങളാലും ഭക്ഷ്യപ്രതിസന്ധിയാലും  നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന അവസ്ഥ നൈജീരിയയിൽ വലിയ ആശങ്കയുളവാക്കുന്നു. നൈജീരിയയിൽ കർഷകർക്കെതിരായ അക്രമം നിലവിലെ ഭക്ഷ്യക്ഷാമ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.

ഈ വർഷം ആദ്യം 147 കർഷകരെ ആയുധധാരികളായ സംഘം കൊലപ്പെടുത്തിയിരുന്നു. വടക്കുകിഴക്കൻ നൈജീരിയൻ സംസ്ഥാനങ്ങളായ ബോർണോ, അഡമാവ, യോബെ മൊലായ് എന്നിവിടങ്ങളിൽ നിന്ന് അക്രമികൾ  പലരെയും തട്ടിക്കൊണ്ടുപോകുകയും ചിലരെ കാണാതാവുകയും ചെയ്തിരുന്നു. ആക്രമണങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, നൈജീരിയൻ കർഷകർ അതിജീവനത്തിനായി തങ്ങളുടെ വീടുകളും സ്വത്തുവകകളും ഉപേക്ഷിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി (NEMA) പ്രകാരം നൂറുകണക്കിന് വീടുകൾ നശിപ്പിക്കപ്പെട്ടു, 3000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. “അവർ ഞങ്ങളുടെ കാർഷികോല്പന്നങ്ങൾ മോഷ്ടിച്ചു; ഞങ്ങളെ നിസ്സഹായരാക്കി, വീട്ടിലേക്ക് കൊണ്ടുപോകാൻ ഒന്നുമില്ല. ഞങ്ങളിൽ ഭൂരിഭാഗവും ഈ സമൂഹത്തിൽ അനുഭവിക്കുന്ന പട്ടിണിക്കു കാരണം, ഞങ്ങൾ കൃഷിഭൂമിയിലേക്ക് പ്രവേശിക്കുന്നത് കലാപകാരികൾ തടയുന്നതാണ്. അവർ എല്ലാം മോഷ്ടിക്കുകയും ഞങ്ങളെ പട്ടിണിയിലാക്കുകയും ചെയ്യുന്നു” – നൈജീരിയൻ കർഷകനായ ബൾമ പറയുന്നു.

2023 ജൂൺ മുതൽ ആഗസ്റ്റ് വരെ ഏകദേശം 25 ദശലക്ഷം നൈജീരിയക്കാർ പട്ടിണിയിലാകുമെന്ന് യുനിസെഫിൽ നിന്നുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. സേവ് ദി ചിൽഡ്രൻ, മറ്റ് അന്താരാഷ്ട്ര മാനുഷിക സംഘടനകൾക്കൊപ്പം ഭക്ഷണം, ശുദ്ധജലം, പോഷകാഹാരം, ആരോഗ്യസേവനങ്ങൾ എന്നിവ നൽകിവരുന്നു. അതിനുപുറമെ, അവർ സർക്കാരിന് നയക്രമീകരണങ്ങൾക്കും പരിഷ്കാരങ്ങൾക്കും പ്രത്യേകിച്ച് സാമൂഹികസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാനമേഖലകളിൽ സാങ്കേതികസഹായവും വാഗ്ദാനം ചെയ്യുന്നു.

Latest News