Sunday, November 24, 2024

ഇന്ത്യന്‍ മരുന്നു കമ്പനി നിര്‍മ്മിച്ച ‘കോൾഡ് ഔട്ട്’ സിറപ്പിന് ഗുണനിലവാരമില്ല: ലോകാരോഗ്യ സംഘടന

ഇന്ത്യന്‍ മരുന്നു കമ്പനി നിര്‍മ്മിച്ച ‘കോൾഡ് ഔട്ട്’ എന്ന സിറപ്പിന് ഗുണനിലവാരമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇറാഖില്‍ പ്രചാരത്തിലിരിക്കുന്ന സിറപ്പിനാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ പത്ത് മാസത്തിനിടയിൽ ഇത് അഞ്ചാമത്തെ തവണയാണ് ഇന്ത്യൻ നിർമിത മരുന്നുകൾക്ക് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ് ലഭിക്കുന്നത്.

ഇന്ത്യന്‍ സിറപ്പുകളുടെ ഗുണനിലവാരത്തില്‍ അടുത്തിടെ ആശങ്ക പ്രകടിപ്പിച്ച് ഡബ്ല്യുഎച്ച്ഒ രംഗത്തെത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി തമിഴ്‌നാട് ആസ്ഥാനമായുള്ള ഫോർട്ട്‌സ് (ഇന്ത്യ) ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ‘കോൾഡ് ഔട്ട്’ സിറപ്പിന്‍റെ സാമ്പിളുകളും പരിശോധിച്ചു. എന്നാല്‍ പരിശോധനയ്ക്കായി നല്‍കിയ ‘കോൾഡ് ഔട്ട്’ സിറപ്പിന്‍റെ സാമ്പിളിൽ ഉയർന്ന അളവിൽ ഡൈഎത്തിലീന്‍ ഗ്ലൈക്കോളും (0.25%), എത്തിലീന്‍ ഗ്ലൈക്കോളും (2.1%) കണ്ടെത്തിയതോടെയാണ് ഗുണനിലവാരമില്ലെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയത്. മഹാരാഷ്ട്രയിലെ ഡാബിലൈഫ് ഫാർമ പ്രൈവറ്റ് ലിമിറ്റഡിനായി ഉത്പാദിപ്പിക്കുന്ന സിറപ്പില്‍ അനുവദനീയ പരിധിയിൽ (0.10% ) കൂടുതലായിരുന്നു മരുന്ന് സാമ്പിളിൽ ഇവയുടെ അളവെന്നും ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടി.

ജീവന് ഗുരുതരമായ ആരോഗ്യ ഭീഷണി ഉയർത്തുന്ന ഘടകങ്ങളാണ് ഡൈഎത്തിലീന്‍ ഗ്ലൈക്കോളും, എത്തിലീന്‍ ഗ്ലൈക്കോളും. വയറുവേദന, ഛർദി, വയറിളക്കം, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, തലവേദന, സ്ഥിരതയില്ലാത്ത മാനസികാവസ്ഥ, മരണത്തിന് കാരണമാകുന്ന വൃക്കയുടെ തകരാറുകൾ എന്നിവയ്ക്ക് വരെ ഈ മരുന്നിന്റെ ഉപയോഗം കാരണമാകും. കുട്ടികളിൽ ഈ മരുന്നിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കോ മരണത്തിനോ കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
‘കോൾഡ് ഔട്ട്’ സിറപ്പ് എത്താൻ സാധ്യതയുള്ള രാജ്യങ്ങളും പ്രദേശങ്ങളും നിരീക്ഷണം ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Latest News