Sunday, November 24, 2024

സൈനിക ഡ്രോണുകളില്‍ നിന്നും ചൈനീസ് നിർമ്മിതഭാഗങ്ങൾ ഒഴിവാക്കാന്‍ നിര്‍ദേശം

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന സൈനികഡ്രോണുകളില്‍ നിന്നും ചൈനീസ് നിർമ്മിതഭാഗങ്ങൾ ഒഴിവാക്കണമെന്ന് നിര്‍ദേശം. പ്രതിരോധമേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ, രേഖകൾ എന്നിവ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാർത്ത പുറത്തുവിട്ടത്. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം.

“ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉപകരണങ്ങള്‍, സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഡ്രോണുകള്‍ ഉള്‍പ്പടെയുള്ളവയുടെ നിര്‍മ്മാണത്തിനായി സുരക്ഷാകാരണങ്ങളാൽ ഒഴിവാക്കണം” – എന്ന് സൈനികമേധാവികളുടെ നിര്‍ദേശമുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പറയുന്നു. ഫെബ്രുവരിയിലും മാർച്ചിലും നടത്തിയ ഡ്രോണുകളുടെ ടെണ്ടർ നടപടികളുമായി ബന്ധപ്പെട്ടാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ നിർണ്ണായകമായ സൈനികവിവരങ്ങൾ അപഹരിക്കാൻ മറ്റ് രാജ്യങ്ങളെ പ്രാപ്തമാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഡ്രോണുകൾ, ലോങ് എൻഡ്യൂറൻസ് സിസ്റ്റങ്ങൾ എന്നിവയെ ആശ്രയിച്ചുകൊണ്ടുള്ള സൈനികപ്രവർത്തനങ്ങള്‍ക്കാണ് ഇന്ത്യ അടുത്തിടെ കൂടുതലായി ശ്രദ്ധ നല്‍കുന്നത്. ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നതിനാല്‍ കരാറുകളുടെ ഭൂരിഭാഗവും പ്രതിരോധമേഖലയിലെ തദ്ദേശീയസ്ഥാപനങ്ങൾക്കാണ് നല്‍കിയിരിക്കുന്നതും. ഈ സാഹചര്യം നിലനിൽക്കെയാണ് ഡ്രോണുകളുടെ ആശയവിനിമയ പ്രവർത്തനങ്ങൾ, ക്യാമറകൾ, റേഡിയോ ട്രാൻസ്മിഷൻ, ഓപ്പറേറ്റിങ് സോഫ്‌റ്റ്‌വെയർ എന്നിവയിലെ ചൈനീസ് നിർമ്മിതഭാഗങ്ങൾ ഒഴിവാക്കണമെന്ന നിർദേശം ഉണ്ടാകുന്നത്.

Latest News