യുക്രൈനില്‍ റഷ്യന്‍ ചാരവനിതയെ സുരക്ഷാ ഏജൻസി പിടികൂടിയതായി റിപ്പോര്‍ട്ട്. യുക്രൈൻ സുരക്ഷാ ഏജൻസിയായ എസ്.ബി.യുവാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. പ്രസിഡന്റ് വ്ളാഡിമർ സെലന്‍സ്കിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് യുവതിക്കുമേലുള്ള ആരോപണം.
യുക്രൈൻ നഗരമായ മൈകോലൈവിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങൾ ജൂലൈയില്‍ സെലൻസ്കി സന്ദർശിച്ചിരുന്നു. ഇവിടുത്തെ സൈനികതാവളത്തിനു സമീപത്തെ കടയില്‍ ജോലിചെയ്തിരുന്ന യുവതി സൈനികകേന്ദ്രങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും എടുത്തതായി എസ്.ബി.യു ആരോപിക്കുന്നു. കൂടാതെ, പ്രസിഡന്റിന്റെ ഇങ്ങോട്ടുള്ള യാത്രാപദ്ധതി അറിയാനും യുവതി ശ്രമിച്ചതായും എസ്.ബി.യു. അവകാശപ്പെടുന്നു. എന്നാല്‍ സംഭവവുമായ ബന്ധപ്പെട്ട് റഷ്യ പ്രതികരിച്ചിട്ടില്ല.
അതേസമയം, ഗൂഢാലോചനാകുറ്റം തെളിഞ്ഞാൽ 12 വർഷം വരെ യുവതിക്ക് തടവുശിക്ഷ ലഭിക്കും. റഷ്യയെ പിന്തുണയ്ക്കുന്ന പ്രദേശവാസികൾ റഷ്യൻ സൈന്യത്തെ സഹായിക്കാൻ വിവരങ്ങള്‍ കൈമാറുന്നതായി നേരത്തെയും യുക്രൈന്‍ കുറ്റപ്പെടുത്തിയിരുന്നു.