Sunday, November 24, 2024

നടനും സംവിധായകനുമായ സിദ്ദിഖ് അന്തരിച്ചു: അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

ഹാസ്യചിത്രങ്ങള്‍ സംവിധാനം ചെയ്ത് മലയാള ചലച്ചിത്രപ്രേമികളെ ചിരിപ്പിച്ച സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. അദ്ദേഹത്തിന് 69 വയസ്സായിരുന്നു. കഴിഞ്ഞദിവസം ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്.

കരൾസംബന്ധമായ രോഗത്തിനുള്ള ചികിത്സയുടെ ഭാഗമായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ നിന്നും മോചിതനായിവരുന്നതിനിടെ തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ ഹൃദയാഘാതമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. ഇതേ തുടര്‍ന്ന് എഗ്മോ സപ്പോർട്ടില്‍ തീവ്രപരിചരണ വിഭാഗത്തിലിരിക്കവെയായിരുന്നു സിദ്ദിഖിന്റെ മരണം.

ബുധനാഴ്ച രാവിലെ ഒമ്പതുമണി മുതല്‍ 12 വരെ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ഭൗതികശരീരം വീട്ടിലേക്കു കൊണ്ടുപോകും. കബറടക്കം ഇന്ന് വൈകിട്ട് ആറുമണിക്ക് എറണാകുളം ജുമാ മസ്ജിദില്‍ നടക്കും.

നാടകസംഘങ്ങളിലൂടെ കലാലോകത്തേക്കെത്തിയ സിദ്ദിഖ്, കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മിമിക്സ് പരേഡ് കാലം മുതലേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് സിദ്ദിഖ് പിന്നീട് ഒരു ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തിരക്കഥാകൃത്തുക്കളായിട്ടായിരുന്നു സിദ്ദിഖും ലാലും ആദ്യം സിനിമയില്‍ ചുവടുറപ്പിക്കുന്നത്. പിന്നീട് സത്യൻ അന്തിക്കാടിന്റെ ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന ചിത്രത്തിലൂടെ ഇരുവരും തിരക്കഥാകൃത്തുക്കളുമായി. പിന്നാലെ മോഹൻലാലിന്റെ ‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിന്റെയും കഥ എഴുതിയതും ഇരുവരും ചേർന്നാണ്.

സിദ്ദിഖും ലാലും ചേര്‍ന്ന് തിരക്കഥ തയാറാക്കിയ ‘റാംജിറാവ് സ്‍പീക്കിംഗ്’ എന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ദിഖ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നാലെ പുറത്തിറങ്ങിയ ‘ഇൻ ഹരിഹര്‍ നഗറും’ ഹിറ്റായതോടെ ഇരുവരേയും മലയാള ചലച്ചിത്രപ്രേമികള്‍ ഹൃദയത്തില്‍ ഏറ്റെടുത്തു. മലയാളത്തിലെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമായ ‘ഗോഡ് ഫാദറും’ പ്രേക്ഷകരിലേക്ക് എത്തിച്ചതോടെ സിദ്ദിഖ്-ലാല്‍ ചിത്രങ്ങളിലെ അവസരത്തിനായി താരങ്ങളും കാത്തിരുന്നുവെന്നുപറഞ്ഞാല്‍ അതിൽ ഒട്ടുംതന്നെ അതിശയോക്തിയില്ല. ‘വിയറ്റ്‍നാം കോളനി’, ‘കാബൂളിവാല’ എന്നിവയുടെ സംവിധായകരായും സിദ്ദിഖ്- ലാല്‍ പേരെടുത്തു.

സുഹൃത്ത് ലാലുമായി പിരിഞ്ഞ്, ഒരു സ്വാതന്ത്രസംവിധായകനായി സിദ്ദിഖ് ചെയ്ത  ആദ്യചിത്രമായിരുന്നു, മമ്മൂട്ടി നായകനായ ‘ഹിറ്റ്ലർ’; ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ ലാലും പങ്കാളിയായി. മലയാളത്തിന്റെ ചിരിവിരുന്നായ ‘ഫ്രണ്ട്‍സ്’ സിദ്ദിഖിന്റെ സംവിധാനത്തില്‍ തമിഴിലും ഹിറ്റായി. ‘ഫുക്രി’, ‘ബിഗ് ബ്രദര്‍’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ സിദ്ദിഖ് നടനായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

Latest News