Monday, November 25, 2024

ഇന്ത്യയ്ക്കു പിന്നാലെ ചാന്ദ്രദൗത്യവുമായി റഷ്യ: ലൂണ 25 ആഗസ്റ്റ് 11-ന് ചന്ദ്രനിലേക്കു കുതിക്കും

ഇന്ത്യയ്ക്കു പിന്നാലെ ചന്ദ്രനിലേക്ക് വീണ്ടും പേടകം അയയ്ക്കാന്‍ റഷ്യ ഒരുങ്ങുന്നു. റഷ്യയുടെ ചാന്ദ്ര ലാൻഡറായ ലൂണ 25 ആഗസ്റ്റ് 11-ന് വിക്ഷേപിക്കുമെന്നാണ് വിവരം. മോസ്‌കോയിൽ നിന്ന് 5,550 കിലോമീറ്റർ അകലെയുള്ള വോസ്‌റ്റോച്‌നി കോസ്‌മോഡ്രോമിൽ നിന്നാണ് ലൂണ 25-ന്റെ വിക്ഷേപണം.

1976-ൽ ലൂണ 24 വിക്ഷേപിച്ചതായിരുന്നു റഷ്യയുടെ അവസാന ചാന്ദ്രദൗത്യം. പിന്നീട്, രാജ്യം തുടർവിക്ഷേപണങ്ങൾ ഒന്നുംതന്നെ നടത്തിയിരുന്നില്ല. ഇതിന് അരനൂറ്റാണ്ട് പിന്നിട്ടശേഷമാണ് റഷ്യ ലൂണാര്‍ -25 ദൗത്യത്തിനു തയാറെടുക്കുന്നത്. കൂടാതെ, ഇന്ത്യയുടെ ചന്ദ്രയാൻ -3 ചാന്ദ്ര ലാൻഡർ ബഹിരാകാശത്തേക്ക് അയച്ച് നാലാഴ്ചയ്ക്കു ശേഷമാണ് റഷ്യയുടെ വിക്ഷേപണമെന്നതും ശ്രദ്ധേയമാണ്.

സോയൂസ്-2 റോക്കറ്റിൽ വിക്ഷേപണം നടത്തുന്ന ലൂണ-25 നെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്യിക്കുക എന്നതാണ് പദ്ധതി. ചന്ദ്രന്റെ ആന്തരികഘടന, ജലസാന്നിധ്യം എന്നിവ സംബന്ധിച്ച ഗവേഷണമാണ് ലൂണ-25 ലക്ഷ്യമിടുന്നത്. ഒരു വർഷത്തോളം ഇത് ചന്ദ്രോപരിതലത്തിൽ തുടരുമെന്നാണ് വിലയിരുത്തൽ. ദൗത്യം വിജയിക്കുകയാണെങ്കിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം റഷ്യൻ മണ്ണിൽ നിന്നുമുള്ള ആദ്യ ചാന്ദ്ര ലാൻഡർ എന്ന നേട്ടം ലൂണ-25 സ്വന്തമാക്കും. അതേസമയം, ചന്ദ്രയാന്‍ -3 ഉം ലൂണാ 25-ഉം തമ്മില്‍ ഒരു ഇടപെടലും ഉണ്ടാകില്ലെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്മോസ് ഉറപ്പുനൽകിയിട്ടുണ്ട്.

Latest News