Monday, November 25, 2024

‘മാ​തൃ​രാ​ജ്യ’ പ്ര​തി​മ​യി​ൽ​ നിന്നും​ സോവിയറ്റ് ഓര്‍മ്മകള്‍ നീക്കം ചെയ്ത് യുക്രൈന്‍

രാജ്യത്ത് അവശേഷിക്കുന്ന സോവിയറ്റ് ഓര്‍മ്മകള്‍ നീക്കം ചെയ്ത് യുക്രേനിയന്‍ ഭരണകൂടം. ‘മാ​തൃ​രാ​ജ്യ’ പ്രതിമ​യി​ൽ ​നി​ന്ന് സോ​വി​യ​റ്റ് ഭ​ര​ണ​കാ​ല​ത്തെ അരിവാൾ ചുറ്റിക ചിഹ്നമാണ് യുക്രൈന്‍ നീക്കം ചെയ്തത്. ഈ ചിഹ്നത്തിനു പകരം പ്രതിമയില്‍, യുക്രൈന്റെ ദേശീയചിഹ്നമായ ട്രിസുബ് എന്നുവിളിക്കുന്ന സ്വർണനിറമുള്ള ത്രിശൂലം സ്ഥാപിച്ചു.

രണ്ടാം ലോകമഹായുദ്ധസ്മാരകത്തിന്റെ ഭാഗമായി 1981-ൽ പണിതതാണ്, വാളും പരിചയുമേന്തി നിർഭയയായി നിൽക്കുന്ന വനിതായോദ്ധാവിന്റെ പ്രതിമ. ഏകദേശം 61 മീറ്റര്‍ ഉയരമുള്ള പ്രതിമ ഡിനിപ്രോ നദിക്കരയിൽ മോസ്കോയിലേക്കു നോക്കിയാണ് നില്‍ക്കുന്നത്. പ്രതിമയിലെ പരിചയിലുള്ള അരിവാൾ ചുറ്റികയാണ് യുക്രൈന്‍ എടുത്തുമാറ്റി പകരം ദേശീയചിഹ്നം സ്ഥാപിച്ചത്.

അതേസമയം, ജൂലൈ അവസാനത്തോടെ ദേശീയചിഹ്നം സ്ഥാപിക്കുന്നതിനുള്ള പണികള്‍ ആരംഭിച്ചിരിന്നെങ്കിലും പ്രതികൂല കാലാവസ്ഥയും റഷ്യയുടെ വ്യോമാക്രമണവും കാരണം ഇത് മുടങ്ങുകയായിരുന്നു. യുക്രൈന്റെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 24-ന്, മാറ്റങ്ങൾ വരുത്തിയ പ്രതിമ ഔദ്യോഗികമായി അനാവരണം ചെയ്യുമെന്നാണ് വിവരം.

സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിൽ നിന്ന് യുക്രൈന്റെ സാംസ്കാരികപൈതൃകത്തെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് യുക്രൈന്റെ വിശദീകരണം. 2015-ൽ സോവിയറ്റ് യൂണിയന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഭൂരിഭാഗം ചിഹ്നങ്ങളും പൊതുഇടങ്ങളിൽ നിന്ന് യുക്രൈൻ നീക്കിയെങ്കിലും അതിൽ രണ്ടാം ലോകമഹായുദ്ധ സ്മാരകങ്ങൾ ഉൾപ്പെട്ടിരുന്നില്ല. റഷ്യയുടെ അധിനിവേശത്തിനുശേഷമാണ് ഈ ശ്രമങ്ങൾ ഊർജ്ജിതമായത്

Latest News