വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹോളിവുഡ് നടത്തുന്ന സമരം നൂറു ദിവസം പൂര്‍ത്തിയായിട്ടും പരിഹാരമായില്ല. വൻകിട സ്റ്റുഡിയോകൾ, എഴുത്തുകാർക്ക് മെച്ചപ്പെട്ട വേതനം നൽകണമെന്നും തങ്ങളുടെ തൊഴിലിനെ ബാധിക്കുംവിധം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അമിതോപയോഗം പാടില്ലെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സമരമാണ് തുടരുന്നത്. മെയ് രണ്ടിന് ആരംഭിച്ച സമരം ബുധനാഴ്ചയാണ് നൂറു ദിവസം പിന്നിട്ടത്.
മെച്ചപ്പെട്ട കോൺട്രാക്ട് വ്യവസ്ഥകൾ ആവശ്യപ്പെട്ട് റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ ഹോളിവുഡ് തിരക്കഥാകൃത്തുക്കൾ മെയ് രണ്ടിനാണ് സമരം ആരംഭിച്ചത്. പിന്നാലെ എഴുത്തുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടും ജൂലൈ 14 മുതൽ അഭിനേതാക്കളും സമരം ആരംഭിച്ചു. ഇതോടെ ഹോളിവുഡ് നിശ്ചലമായി. ചിത്രീകരണം, റെക്കോഡിങ്, പ്രചാരണം എന്നിവയുൾപ്പെടെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് മുൻനിര താരങ്ങളടക്കം പ്രഖ്യാപിച്ചു. 1960-നുശേഷം ആദ്യമായാണ് ഇരുസംഘടനകളും ഒരുമിച്ച് സമരം ചെയ്യുന്നത്. വിഷയത്തില്‍ അനുകൂലമായി പ്രതികരിക്കാൻ വാർണർ ബ്രോസ് ഉൾപ്പെടെയുള്ള വൻകിട സ്റ്റുഡിയോകളും ഇതുവരെ തയാറായിട്ടില്ല.
ആരോഗ്യകരമായ തൊഴിൽസാഹചര്യങ്ങൾ ആവശ്യപ്പെട്ട് ലോസ് ആഞ്ചലസിൽ ആയിരക്കണക്കിന് തൊഴിലാളികൾ ചൊവ്വാഴ്ചയും പണിമുടക്കിയിരുന്നു. ശുചീകരണത്തൊഴിലാളികൾ ഉൾപ്പെടെ 11,000 പേരാണ് 24 മണിക്കൂർ പണിമുടക്കിയത്. ലോസ് ആഞ്ചലസ് അന്താരാഷ്‌ട്ര വിമാനത്താവളമടക്കം വിവിധയിടങ്ങളിൽ പ്രതിഷേധയോഗങ്ങൾ ചേർന്നിരുന്നു.