Tuesday, November 26, 2024

തൃശ്ശൂരിൽ ഇന്നുമുതൽ നഴ്സുമാര്‍ പണിമുടക്കും

ജില്ലയിലെ നഴ്സുമാര്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് തൃശ്ശൂരിൽ ഇന്ന് ആരംഭിക്കും. ജീവനക്കാരെ പുറത്താക്കിയതും ഗർഭിണിയായ നഴ്‌സിനെ മര്‍ദിച്ച ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കാത്തതിലും പ്രതിഷേധിച്ചാണ് നഴ്സുമാര്‍ പണിമുടക്കുടക്കുന്നത്. യു.എൻ.എയ്ക്കു കീഴിലുള്ള മുഴുവൻ ജീവനക്കാരും അത്യാഹിതവിഭാ​ഗം ജീവനക്കാരും പണിമുടക്കിന്റെ ഭാ​ഗമാകുമെന്നാണ് വിവരം.

കൈപ്പറമ്പ് നൈൽ ആശുപത്രിയിലെ ആറു ജീവനക്കാരെ അടുത്തിടെ പുറത്താക്കുകയും ലേബർ ഓഫീസിൽ ഗർഭിണിയായ നഴ്‌സിനെയടക്കം, ഹോസ്പിറ്റൽ എം.ഡി. ഡോ. വി.ആർ. അലോക് മര്‍ദിച്ചതായും അടുത്തിടെ പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ ഡോ. അലോകിനെ അറസ്‌റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഏഴുദിവസം മുൻപ് സമ്പൂർണ്ണ പണിമുടക്കിന് നഴ്‌സുമാർ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ജില്ലാ കളക്‌ടറുടെ അനുരഞ്ജനചര്‍ച്ചയുടെ ഫലമായി പണിമുടക്കില്‍ നിന്നും യു.എൻ.എ പിന്മാറുകയായിരുന്നു.

അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ കൊച്ചിയിൽ ലേബർ കമ്മീഷണർ യു.എൻ.എയുമായും ആശുപത്രി അധികൃതരുമായും ചർച്ച നടത്തിയെങ്കിലും ഇത് പരാജയപ്പെട്ടു. ഇതോടെയാണ് നഴ്‌സുമാർ വീണ്ടും സമ്പൂർണ്ണ പണിമുടക്കിലേക്കു നീങ്ങിയത്. ഇതോടെ ജില്ലയിലെ 39-ഓളം വരുന്ന സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ പണിമുടക്ക് സാരമായി ബാധിക്കുമെന്നാണ് വിവരം. മൂവായിരത്തിലധികം നഴ്‌സുമാരാണ് പണിമുടക്കുന്നത്.

Latest News