Tuesday, November 26, 2024

ഇന്ത്യന്‍ പൗരന്മാര്‍ എത്രയുംവേഗം നൈജര്‍ വിടണം: കേന്ദ്രസര്‍ക്കാര്‍

സൈനിക അട്ടിമറിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ എത്രയുംവേഗം നൈജര്‍ വിടണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. നൈജറിലെ സംഭവവികാസങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

“നൈജറില്‍ തുടരേണ്ടത് അനിവാര്യമല്ലാത്ത ഇന്ത്യന്‍ പൗരന്മാര്‍ കഴിയുന്നതുംവേഗം രാജ്യം വിടണം. നിലവില്‍ വ്യോമപാത അടച്ചിട്ടിരിക്കുകയാണ്. കരമാര്‍ഗം വരാന്‍ ആഗ്രഹിക്കുന്നവര്‍ സുരക്ഷ ഉറപ്പാക്കാന്‍ പരമാവധി മുന്‍കരുതലുകളെടുക്കണം” – മന്ത്രി പറഞ്ഞു. രാജ്യത്താകെയുള്ള 250 ഇന്ത്യന്‍ പൗരന്മാരില്‍ എല്ലാവരും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൗരന്മാരെ നൈജറില്‍ നിന്ന് മടക്കിക്കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ എംബസി ശ്രമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വരുംദിവസങ്ങളില്‍ നൈജറിലേക്ക് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നവരും സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതുവരെ അവരുടെ യാത്രാപദ്ധതികള്‍ മാറ്റിവയ്ക്കാൻ കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശമുണ്ട്. പൗരന്മാര്‍ക്കായി കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Latest News