രാജ്യത്ത് ചൈനീസ് പ്രൊപഗണ്ട പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ഓൺലൈൻ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. പ്രമുഖ മാക്രോ ബ്ലോഗിംങ് ആപ്പ് ആയ എക്സിലെ, ന്യൂസ് ക്ലിക്കിന്റെ പേജ് ആണ് സസ്പെന്‍ഡ് ചെയ്തത്. എക്സ് നിയമങ്ങൾ ലംഘിച്ചുവെന്ന അറിയിപ്പാണ് നിലവില്‍ എക്സിലെ പേജ് തുറക്കുമ്പോൾ കാണാനാകുന്നത്.
ചൈനീസ് സർക്കാരിന്റെ മാധ്യമ ശൃംഖലയുമായി അടുത്തബന്ധമുള്ള അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിങ്കത്തിൽ നിന്ന് മാധ്യമ സ്ഥാപനത്തിനു ധനസഹായം ലഭിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. ന്യൂയോർക്ക് ടൈംസായിരുന്നു ഈ വാര്‍ത്ത പുറത്തുവിട്ടത്. പിന്നാലെ ആരോപണവുമായി ബിജെപി രംഗത്തെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഓൺലൈൻ മാധ്യമസ്ഥാപനത്തിന്റെ പേജ് സസ്പെന്‍ഡ് ചെയ്തത്.
അതേസമയം, ന്യൂസ്ക്ലിക്കിന്റെ ഹോൾഡിംഗ് സ്ഥാപനമായ ന്യൂസ്ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡിന്റെ അക്കൗണ്ടിലേക്ക് നെവിൽ റോയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് 86 കോടി രൂപയിലധികം വിദേശ ഫണ്ട് വന്നുവെന്ന കേസിൽ ഇഡി അന്വേഷണം നടത്തുകയാണ്. കൂടാതെ ന്യൂസ്ക്ലിക്കിനും എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർക്കായസ്ഥിനും അനുവദിച്ചിരിക്കുന്ന ഇടക്കാല സംരക്ഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു