Tuesday, March 11, 2025

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കായി ചെങ്കോട്ട ഒരുങ്ങി

77-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ ചെങ്കോട്ടയില്‍ പൂര്‍ത്തിയായി. രണ്ടു വർഷത്തിനുശേഷം കോവിഡ്-19 നിയന്ത്രണങ്ങളില്ലാതെ നടക്കുന്ന പരിപാടിയിൽ ശക്തമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി 1,000 ഫേഷ്യൽ റെക്കഗ്നിഷൻ (മുഖം തിരിച്ചറിയൽ) ക്യാമറകൾ, ആന്റി-ഡ്രോൺ എന്നീ സംവിധാനങ്ങള്‍ക്കുപുറമെ 10,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ദേശീയ തലസ്ഥാനം ഒരുങ്ങുന്നത്. ഹരിയാനയിലെ നൂഹിലും സമീപപ്രദേശങ്ങളിലും അടുത്തിടെയുണ്ടായ അക്രമസംഭവങ്ങൾ കണക്കിലെടുത്ത് കർശന ജാഗ്രത ഉറപ്പാക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. സെൻട്രൽ ഡൽഹിയിലെ ചെങ്കോട്ടയ്ക്കു മുന്നിലെ ഗ്യാൻപഥിൽ ദേശീയ ഉത്സവാഘോഷങ്ങൾക്കായി പൂക്കളും ജി-20 ചിഹ്നങ്ങളും കൊണ്ട് അലങ്കരിച്ചിരിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിൽ വലിയ അലങ്കാരങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് വിവരം.

“കോവിഡ്-19 നിയന്ത്രണങ്ങളൊന്നുമില്ലാതെ ഈ വർഷം സ്വാതന്ത്ര്യദിനം പൂർണ്ണ ആവേശത്തോടെ ആഘോഷിക്കും. അതിനാൽ, ശക്തവും ആവശ്യമായതുമായ പോലീസിനെ വിന്യസി[പ്പിക്കും. സുരക്ഷ ഒരുക്കുന്നതിനായി മറ്റ് ഏജൻസികളുമായി തത്സമയ വിവരങ്ങൾ ഏകോപിപ്പിക്കുകയും പങ്കിടുകയും ചെയ്യും” – സുരക്ഷാക്രമീകരണങ്ങളുടെ വിശദാംശങ്ങൾ പങ്കുവച്ചുകൊണ്ട് സ്‌പെഷ്യൽ പോലീസ് കമ്മീഷണർ (ക്രമസമാധാനം) ഡിപേന്ദ്ര പഥക് പറഞ്ഞു.

Latest News