ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ നാലാംഘട്ട ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും. രാവിലെ 11.30-നും 12.30-നുമിടയിലായിരിക്കും ഭ്രമണപഥം താഴ്ത്തല്‍. ഇതോടെ പേടകം ചന്ദ്രന്റെ ആയിരം കിലോമീറ്റർ പരിധിക്കുള്ളിൽ പ്രവേശിക്കുമെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചു.
നിലവിൽ ചന്ദ്രനോട് അടുത്ത ഭ്രമണപാത 174 കിലോമീറ്ററും, അകലെയുള്ളത് 1437 കിലോമീറ്ററുമാണ്. നാലാംഘട്ട ഭ്രമണപഥം താഴ്ത്തി മൂന്നു ദിവസങ്ങൾക്കുശേഷം പ്രൊപ്പൽഷൽ മോഡ്യൂളിൽ നിന്ന് വേർപെട്ട് ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് യാത്ര തിരിക്കും. അവസാന ഭ്രമണപഥം താഴ്ത്തൽപ്രക്രിയ മറ്റന്നാൾ നടക്കുന്നതോടെ ചന്ദ്രയാൻ-3 പേടകം ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ മാത്രം അകലെ, വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്കെത്തും.
വ്യാഴാഴ്ചയാണ് നിർണ്ണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ നടക്കുക. വൈകിട്ട് ഏഴു മണിക്ക് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിൽ നിന്ന് പേടകം വേർപെടുന്നതോടെ ലാന്‍ഡർ, ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിന് സജ്ജമാകും. ആഗസ്റ്റ് 23-ന് വൈകിട്ട് 5.40-നാണ് ഇന്ത്യ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. നിർണ്ണായകമായ സോഫ്റ്റ് ലാന്‍ഡിങ്, പ്രതിസന്ധികളില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഐ.എസ്.ആര്.ഒ.