യുക്രൈനിലെ ഖേഴ്സണിൽ വിണ്ടും റഷ്യയുടെ ഷെല്ലാക്രമണം. സംഭവത്തില്‍ 22 ദിവസം പ്രായമുള്ള ഒരു കുഞ്ഞ് ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രേനിയന്‍ പ്രസിഡന്‍റ് വ്ളാഡിമർ സെലെൻസ്‌കിയാണ് ആക്രമണവിവരം പങ്കുവച്ചത്.
“റഷ്യയുടെ ഷെല്ലാക്രമണത്തില്‍ ഷിറോക ബാൽക്ക ഗ്രാമത്തിലെ അഞ്ചുപേർ കൊല്ലപ്പെട്ടു. 22 ദിവസം പ്രായമുള്ള പെൺകുട്ടിയും അവളുടെ 12 വയസ്സുള്ള സഹോദരനും അമ്മ ഒലേഷ്യയും അതിൽ ഉള്‍പ്പെടുന്നു. ഈ ക്രൂരകൃത്യത്തിന് തിരിച്ചടിയുണ്ടാകും” – സെലെൻസ്‌കി പറഞ്ഞു. പ്രസിഡന്റിനുപുറമെ ആക്രമണത്തില്‍ രൂക്ഷപ്രതികരണവുമായി ആഭ്യന്തരമന്ത്രി ഇഹോർ ക്ലിമെൻകോയും രംഗത്തെത്തി. “ഭീകരർ ഒരിക്കലും സാധാരണക്കാരെ കൊല്ലുന്നത് നിർത്തുകയില്ല; ഭീകരരെ ശക്തമായി തടയുകതന്നെ വേണം മറ്റൊരു വഴിയുമില്ല” – അദ്ദേഹം ടെലിഗ്രാമിലൂടെ അറിയിച്ചു.
അതേസമയം, ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഖേഴ്സൺ നഗരത്തിലും ബെറിസ്ലാവ് പട്ടണത്തിലും മൂന്നുപേർക്കു വീതം പരിക്കേറ്റിട്ടുണ്ട്. കൂടാതെ, പ്രദേശത്തുടനീളമുള്ള മറ്റ് അഞ്ച് സെറ്റിൽമെന്റുകളിലും അയൽഗ്രാമമായ സ്റ്റാനിസ്ലാവിൽ ഒരു പള്ളിയിലെ പാസ്റ്റർ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടതായും ഗവർണർ ഒലെക്‌സാണ്ടർ പ്രോകുഡിനും വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരത്തോടെയുണ്ടായ വ്യോമാക്രമണത്തിലും പീരങ്കി ഷെല്ലാക്രമണത്തിലും 31 വയസ്സുള്ള ഒരു സ്ത്രീക്കും പുരുഷനും പരിക്കേൽക്കുകയും ബിലോസെർക്ക പട്ടണത്തിലെ 12 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.