Wednesday, November 27, 2024

മാഫിയ സംഘത്തലവനെ കനത്ത സുരക്ഷയുള്ള ജയിലിലേക്കു മാറ്റി ഇക്വഡോര്‍ ഭരണകൂടം

രാജ്യത്തെ കുപ്രസിദ്ധ മാഫിയ സംഘത്തലവനെ കൂടുതല്‍ സുരക്ഷയുള്ള ജയിലിലേക്കു മാറ്റി ഇക്വഡോര്‍ ഭരണകൂടം. കഴിഞ്ഞ ദിവസം പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ഫെര്‍ണാണ്ടോ വില്ലവിന്‍സെന്‍സിയോ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് നടപടി. ലൊസ് ചൊനറോസ് മാഫിയാ സംഘത്തലവന്‍ ഫിറ്റോയെയാണ് കനത്ത സുരക്ഷയുള്ള ജയിലിലേക്കു മാറ്റിയത്.

ഫിറ്റോ എന്നറിയപ്പെടുന്ന അഡോള്‍ഫ് മസിയാസിനെ സുരക്ഷ കുറഞ്ഞ ജയിലിലായിരുന്നു നേരത്തെ കഴിഞ്ഞത്. എന്നാല്‍ ജനങ്ങളുടെയും തടവുകാരുടെയും സുരക്ഷ പരിഗണിച്ചാണ് മാഫിയാത്തലവനെ കനത്ത സുരക്ഷയുള്ള ജയിലിലേക്കു മാറ്റുന്നതെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ഗ്വില്ലര്‍മൊ ലാസ്സോ വ്യക്തമാക്കി. രാജ്യത്തെ തുറമുഖനഗരമായ ഗ്വുയക്വിയിലേ ജയിലിലേക്കാണ് ഫിറ്റോയെ മാറ്റിയത്.

മാഫിയാ സംഘര്‍ഷങ്ങളുടെ സ്ഥിരം വിമര്‍ശകനും പ്രസിഡന്റ് സ്ഥാനാര്‍ഥിയുായിരുന്ന ഫെർണാണ്ടോ വില്ലവിസെൻസി ബുധനാഴ്ചയായിരുന്നു വെടിയേറ്റു മരിച്ചത്. ക്വിറ്റോയിൽ നടന്ന തിരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്ത് മടങ്ങാനായി കാറിലേക്കു കയറുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഫെർണാണ്ടോ വില്ലവിസെൻസിയോയുടെ തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. ഇതിന് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് മാഫിയാ തലവനെ കൂടുതല്‍ സുരക്ഷിതമായ ജയിലിലേക്കു മാറ്റിയത്.

Latest News