Wednesday, November 27, 2024

ഖാനൂന്‍ കൊടുങ്കാറ്റ്: ഉദ്യോ​ഗസ്ഥരെ വിമര്‍ശിച്ച് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ

ഖാനൂന്‍ കൊടുങ്കാറ്റിലുണ്ടായ കനത്ത നാശനഷ്ടത്തില്‍ ഉദ്യോ​ഗസ്ഥർക്കെതിരെ രൂക്ഷവിമർശനവുമായി ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ. നാശനഷ്ടങ്ങൾ തടയുന്നതിൽ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ദുരന്തമേഖലകള്‍ സന്ദര്‍ശിക്കവെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കിം രൂക്ഷപ്രതികരണം നടത്തിയത്.

ജപ്പാനിൽ കടുത്ത നാശനഷ്ടമുണ്ടാക്കിയ കൊടുങ്കാറ്റ് വെളളിയാഴ്ച ഉത്തര കൊറിയയിലേക്ക് പ്രവേശിച്ചിരുന്നു. നിരവധി കൃഷിയിടങ്ങളാണ് കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും നശിച്ചത്. ഇതേ തുടര്‍ന്ന് രാജ്യത്ത് കൂടുതല്‍ നാശനഷ്ടമുണ്ടായ കാങ്‌വോണ്‍ പ്രവിശ്യയിലെ അൻബിയോൺ കൗണ്ടിയിൽ കിം സന്ദര്‍ശനവും നടത്തിയിരുന്നു. ഇവിടം സന്ദർശിക്കവേയാണ് ഉദ്യോഗസ്ഥരെ കിം വിമർശിച്ചത്.

“ഉദ്യോ​ഗസ്ഥരുടെ നിരുത്തരവാദപരമായ മനോഭാവം കാരണം കൂടുതൽ നാശനഷ്ടമുണ്ടായി. നാശനഷ്ടങ്ങൾ തടയുന്നതിന് ഉദ്യോ​ഗസ്ഥർ ഒരു നടപടിയും എടുത്തില്ല. ഇത് നാശനഷ്ടങ്ങൾ വർധിക്കുന്നതിന് കാരണമായി” – കിം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, അസാധാരണമായ കാലാവസ്ഥയെ നേരിടാൻ ക്യാമ്പയിൻ നടത്തണമെന്നും രാജ്യത്തിന്റെ സാമ്പത്തിക ഉൽപാദനത്തിലുണ്ടായ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികൾ കൈകൊളളണമെന്നും അദ്ദേഹം നിർദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Latest News