പടിഞ്ഞാറന്‍ ടെക്സസില്‍ 13 വയസുകാരന്‍ ഓടിച്ച പിക്കപ്പ് ട്രക്ക്, ഒരു കോളേജ് ഗോള്‍ഫ് ടീം സഞ്ചരിച്ചിരുന്ന വാനുമായി കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്ന കുട്ടിയും 38 കാരനായ പിതാവും മരിച്ചു.
ന്യൂ മെക്സിക്കോ ആസ്ഥാനമായുള്ള യൂണിവേഴ്സിറ്റി ഓഫ് സൗത്ത്വെസ്റ്റ് ഗോള്‍ഫ് ടീമിലെ ആറ് അംഗങ്ങളും അവരുടെ പരിശീലകനും ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന, കാനഡക്കാരായ സൗത്ത്വെസ്റ്റ് യൂണിവേഴ്സിറ്റിയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.
ടെക്സാസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി പറയുന്നതനുസരിച്ച്, പിക്കപ്പ് എതിരെയുള്ള ലെയിനിലേക്ക് മറിഞ്ഞ് വാനുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങള്‍ക്കും തീപിടിച്ചു. രണ്ട് വാഹനങ്ങളും ഉയര്‍ന്ന വേഗതയിലായിരുന്നുവെന്നും അപകടത്തിന് മുമ്പ് പിക്കപ്പിന്റെ ഇടത് മുന്‍വശത്തെ ടയര്‍ പൊട്ടിത്തെറിച്ചുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.
‘ട്രക്ക് ഓടിച്ചിരുന്ന കുട്ടിയും പിതാവും ടെക്‌സസ് നിയമം ലംഘിക്കുകയായിരുന്നു. 15 വയസ്സ് മുതല്‍ സംസ്ഥാനത്ത് ലേണേഴ്സ് പെര്‍മിറ്റ് നേടാം, ഇത് 21 വയസ്സിന് മുകളിലുള്ള ലൈസന്‍സുള്ള ആളുടെ ഒപ്പമിരുന്നു വാഹനമോടിക്കാന്‍ നിയമം അനുവദിക്കുന്നു’. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ബ്രൂസ് ലാന്‍ഡ്സ്ബെര്‍ഗ് പറഞ്ഞു.