77-ാം സ്വാതന്ത്ര്യ ദിനത്തിൽ മണിപ്പൂർ വിഷയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മന്ത്രി. ചെങ്കോട്ടയിൽ നടത്തിയ തന്റെ തുടർച്ചയായ പത്താം സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
“രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ്. സമാധാനത്തിലൂടെ മാത്രമേ പരിഹാരം കാണാനാകൂ. കേന്ദ്രവും സംസ്ഥാന സർക്കാരും പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്. സംസ്ഥാനത്ത് അക്രമം നിലനിന്നിരുന്നു. അമ്മമാരുടെയും പെൺമക്കളുടെയും മാനത്തെ ചോദ്യം ചെയ്തിരുന്നു. എന്നാലിപ്പോൾ മണിപ്പൂരിൽ നിന്ന് വരുന്നത് സമാധാനത്തിന്റെ വാർത്തകളാണ്” പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് സംഭാവന നൽകിയ എല്ലാ ധീരഹൃദയർക്കും ആദരാഞ്ജലികൾ അര്‍പ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 2021-ൽ പ്രധാനമന്ത്രി ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങൾക്കും ഇന്ന് സമാപനം കുറിച്ചു. ഈ വർഷം, സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 1,800 ഓളം വിശിഷ്ടാതിഥികളെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്. 20,000-ലധികം ഉദ്യോഗസ്ഥരും സാധാരണക്കാരും സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന പ്രസംഗം കൂടിയായിരുന്നു ഇത്തവണത്തെത്.