വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ആര്.ടി.സി സംയുക്ത ട്രേഡ് യൂണിയന് സമരസമിതി ആഗസ്റ്റ് 26-ന് പണിമുടക്ക് പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ അനുനയനീക്കവുമായി സംസ്ഥാന സര്‍ക്കാരും രംഗത്തെത്തി. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വൈകിട്ട് മൂന്നുമണിക്ക് സമരസമിതി നേതാക്കളുമായി ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, വി. ശിവന്‍കുട്ടി എന്നിവരും പങ്കെടുക്കുമെന്നാണ് വിവരം.
ശമ്പളം വൈകുന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനവ്യാപകമായി പണിമുടക്കുമെന്നാണ് കെ.എസ്.ആര്.ടി.സി സംയുക്ത ട്രേഡ് യൂണിയന് സമരസമിതി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാമാസവും അഞ്ചാം തീയതി ശമ്പളം നല്‍കുക, ഓണം ആനുകൂല്യങ്ങള്‍ അനുവദിക്കുക, നിയമവിരുദ്ധമായി തൊഴിലാളികളില്‍ നിന്നും പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, സ്ഥലംമാറ്റത്തിന് അപേക്ഷിച്ചവര്‍ക്ക് അടിയന്തരമായി അനുവദിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യം.
ഇക്കൊല്ലത്തെ ഓണം ആനുകൂല്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് സമരക്കാരുടെ ആക്ഷേപം; കഴിഞ്ഞ വര്‍ഷത്തെ ഓണം ആനുകൂല്യങ്ങളും വിതരണം ചെയ്തിട്ടില്ല. കോടതി ഇടപെട്ടിട്ടും പത്താം തീയതിക്കുമുമ്പ് ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും സമരസമിതിയുടെ പ്രസ്താവനയില്‍ ആരോപിക്കുന്നു. ജീവനക്കാരുടെ ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്കു പോകുമെന്നും സംയുക്ത സമരസമിതി മുന്നറിയിപ്പ് നല്കി.