നീതി ലഭിക്കാന്‍ വൈകുന്നുവെന്ന ആക്ഷേപം പരിഹരിക്കാന്‍ സുപ്രീം കോടതി വിപുലീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. 77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അഭിഭാഷകരെ അഭിസംബോധന ചെയ്ത വേളയിലാണ് കോടതി വിപുലീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചത്. കോടതിയില്‍ ഘട്ടംഘട്ടമായി ഡിജിറ്റലൈസേഷന്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പൗരന്മാര്‍ക്ക് അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കാനുള്ള ജനാധിപത്യസംവിധാനമാണ് ഓരോ കോടതിയും. രാജ്യത്തെ നീതിസംവിധാനം എപ്പോഴും ജനങ്ങള്‍ക്ക് ലഭ്യമാകേണ്ടതുണ്ട്. അതിനാല്‍ത്തന്നെ കോടതികളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്” – ചീഫ് ജസ്റ്റിസ് പറഞ്ഞു. നിലവില്‍ സുപ്രീം കോടതിയില്‍ 17 കോടതിമുറികളും രണ്ട് രജിസ്ട്രാര്‍ കോടതികളുമാണുള്ളത്. എന്നിട്ടും, നീതിലഭിക്കാന്‍ വൈകുന്നുവെന്ന് പരാതി ഉയരുന്നതിനാല്‍ 27 അഡീഷണല്‍ കോടതികളും 51 ജഡ്ജിമാരുടെ ചേംബറുകളും പുതിയതായി ചേര്‍ക്കാനാണ് പദ്ധതിയെന്നാണ് ചീഫ് ജസ്റ്റിസിന്റെ പ്രഖ്യാപനം.
രണ്ടുഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ 15 കോടതിമുറികള്‍, ജഡ്ജിമാരുടെ ചേംബര്‍, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ എന്നിവയാണ് വരിക. ഇതിനായി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ കോടതി മ്യൂസിയവും അനുബന്ധകെട്ടിടങ്ങളും പൊളിച്ചുമാറ്റും. ലൈബ്രറികള്‍, സുപ്രീം കോടതി അഡ്വക്കേറ്റ്‌സ് റെക്കോര്‍ഡ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കുള്ള ഓഫീസുകള്‍, കാന്റീന്‍, വനിതാ അഭിഭാഷകരുടെ ബാര്‍ റൂം തുടങ്ങിയ സൗകര്യങ്ങളും ആദ്യഘട്ടത്തില്‍ വരുത്തും. രണ്ടാംഘട്ടത്തില്‍ 12 കോടതിമുറികള്‍, ജഡ്ജിമാരുടെ ചേംബറുകള്‍, രജിസ്ട്രാര്‍ കോടതികള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി നിലവിലുള്ള കോടതിസമുച്ചയത്തിന്റെ കുറച്ചുഭാഗം പൊളിച്ചുമാറ്റും. പുതിയ കെട്ടിടം ജനതയുടെ ഭരണഘടനാപരമായ അഭിലാഷങ്ങളും വിശ്വാസങ്ങളും മുന്‍ഗണനകളും പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.