സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റുകള്‍ ഈ വര്‍ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കു മാത്രം വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കടുത്ത സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഏകദേശം 5.87 ലക്ഷം മഞ്ഞക്കാര്ഡുകാരാണ് സംസ്ഥാനത്തുളളത്. ഇവര്‍ക്കുമാത്രം ഓണക്കിറ്റുകള്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം; ഒപ്പം അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് വിതരണം ചെയ്യും. ഓണക്കിറ്റ് വിതരണത്തിനായി 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കാന്‍ യോഗത്തില്‍ തീരുമാനമായി. കിറ്റിൽ ഉൾപ്പെടുത്തേണ്ടവ സംബന്ധിച്ച് പ്രത്യേകയോഗം തീരുമാനമെടുക്കും.
കഴിഞ്ഞ വര്‍ഷം ഒരുകോടിയോളം കാര്‍ഡുടമകള്‍ക്ക് സര്‍ക്കാര്‍ ഓണക്കിറ്റുകള്‍ നല്‍കിയിരുന്നു. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളായിരുന്നു അന്ന് കിറ്റിൽ ഉണ്ടായിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് കടുത്ത സാമ്പത്തികപ്രതിസന്ധി ഉയരുന്ന സാഹചര്യത്തിലാണ് കിറ്റുകള്‍ ഈ വര്‍ഷം മഞ്ഞകാര്‍ഡ് ഉടമകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതേസമയം, കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ക്ക് ഈ മാസം 19-ന് തുടക്കമാകും.