Tuesday, November 26, 2024

ആപ്പിളിന്റെ ‘ഫോര്‍ യു’ ഫീച്ചറിനു സമാനമായി പുതിയ ഫീച്ചര്‍ അതരിപ്പിച്ച് ഗൂഗിള്‍ ഫോട്ടോസ്

നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ആപ്പിളിന്റെ ‘ഫോര്‍ യു’ ഫീച്ചറിനു സമാനമായി പുതിയ ഫീച്ചര്‍ അതരിപ്പിച്ച് ഗൂഗിള്‍ ഫോട്ടോസ്. സേവ് ചെയ്ത് വച്ചിരിക്കുന്ന ചിത്രങ്ങളെ സ്വയമേ ഒരു ശേഖരമാക്കി മാറ്റി സൂക്ഷിക്കുകയും ഉചിതമായ പേരുകള്‍ ഇടാൻ സഹായിക്കുന്നതുമാണ് പുതിയ സംവിധാനം. ഇതിനായി മെമ്മറീസ് എന്ന ബട്ടണാണ് ആപ്പില്‍ ഗൂഗിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗൂഗിള്‍ ഫോട്ടോസ് ആപ്പില്‍ കാണുന്ന ഷെയറിങ് ബട്ടണിന് പകരമായിട്ടുള്ളതാണ് മെമ്മറീസ് ബട്ടണ്‍ ക്രമീകരിച്ചിരിക്കുന്നത്. പുതിയ ഫീച്ചര്‍ യുഎസില്‍ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങി. വരും മാസങ്ങളില്‍ ഈ മെമ്മറീസ് ബട്ടണ്‍ ലോകമെമ്പാടും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. മെമ്മറീസ് ഫീച്ചറിനായുള്ള ‘വീഡിയോ എക്‌സ്‌പോര്‍ട്ട്’ ചെയ്ത് സമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പങ്കുവെക്കാനുള്ള സൗകര്യം ഉള്‍പ്പെടെ സജ്ജീകരിക്കുമെന്നും ഗൂഗിള്‍ പറയുന്നു.

പുതിയ ഫീച്ചറിലുടെ ഉപയോക്താക്കള്‍ സേവ് ചെയ്ത് വച്ചിരിക്കുന്ന ചിത്രങ്ങളെ സ്വയമേ ഒരു ശേഖരമാക്കി മാറ്റി സൂക്ഷിക്കുകയും അതിന്‍റെ ആശയത്തെ അടിസ്ഥാനമാക്കി അവയ്ക്ക് പേരുകളിടാനും പുതിയ ഫീച്ചറിലൂടെ സാധിക്കും. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പുതിയ ഫീച്ചറിനെ ‘ഹെല്‍പ് മി ടൈറ്റില്‍’ എന്നാണ് വിളിക്കുന്നത്. ഇടാന്‍ ഉദ്ദേശിക്കുന്ന തലകെട്ടിന് ഉചിതമായ നിര്‍ദ്ദേശങ്ങള്‍ ഒരാള്‍ക്ക് നിര്‍മിത ബുദ്ധിയ്ക്ക് നല്‍കാവുന്നതാണ്.

Latest News