Tuesday, November 26, 2024

ലോകകപ്പ് കന്നിക്കിരീടം ലക്ഷ്യമിട്ട് സ്‌പെയിനും ഇംഗ്ലണ്ടും: ഫൈനല്‍ മത്സരം ഞായറാഴ്ച

വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ സ്‌പെയിനും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഫൈനലില്‍ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്. ഞായറാഴ്ച വൈകുന്നേരം ഇന്ത്യന്‍ സമയം 3.30നാണ് ഫൈനല്‍ അങ്കം.

ലോകകപ്പ് ചരിത്രത്തില്‍ സ്‌പെയിനും ഇംഗ്ലണ്ടും ഇതാദ്യമായാണ് ഫൈനല്‍ മത്സരം കളിക്കുന്നത്. അതിനാല്‍ ഇരു രാജ്യങ്ങളില്‍ ആരു കപ്പ് നേടിയാലും അത് ചരിത്രമാകും. 2022 ഫുട്‌ബോള്‍ ലോകകപ്പിന് മുന്‍പ് ഇംഗ്ലണ്ടും സ്‌പെയ്‌നും തമ്മില്‍ 11 അന്താരാഷ്ട്ര മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. അതില്‍ ആറ് തവണയും ജയം സ്‌പെയിനിനൊപ്പമായിരുന്നു എന്നത് അവര്‍ക്ക് മേല്‍ക്കൈ നല്‍കുന്നുണ്ട്.

മൂന്നുതവണ മത്സരങ്ങള്‍ സമനില പിടിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ സ്‌പെയിന്‍ ജയിച്ചു. എന്നാല്‍ സ്വന്തം തട്ടകത്തില്‍ കിരീട മോഹവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയെ തകര്‍ത്താണ് രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ബുധനാഴ്ച നടന്ന മത്സരത്തില്‍ 3-1 നായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ടൂണെ, ലോറന്‍ ഹെംപ്, അലെസിയ റൂസ്സോ, എന്നിവരുടെ മികച്ച ഫോമിലാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ.

അതേസമയം, ലോകകപ്പിലെ മൂന്നാമനാരെന്നുള്ള ചോദ്യത്തിനു ശനിയാഴ്ച ഉത്തരമാകും. ലൂസേഴ്സ് ഫൈനലില്‍ അതിഥേയരായ ഓസ്‌ട്രേലിയയെ സ്വീഡനാണ് നേരിടുക. ആദ്യ സെമിയില്‍ സ്‌പെയ്‌നിനോട് പരാജയപ്പെട്ട്, കഴിഞ്ഞ മൂന്ന് ലോകകപ്പുകളില്‍ രണ്ടിലും മൂന്നമതായി ഫിനിഷ് ചെയ്തത് സ്വീഡനു മുന്‍തൂക്കമുണ്ടെങ്കിലും ഓസ്‌ട്രേലിയയുടെ സാം കെറും സംഘവും ആക്രമണം തകര്‍ക്കുമെന്നും പ്രതീക്ഷിക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 നാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.

Latest News