പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ സെനഗാളില്‍ നിന്നും കുടിയേറ്റക്കാരുമായി പോയ ബോട്ട് അപകടത്തില്‍ പെട്ട് 63 പേര്‍ കൊല്ലപ്പെട്ടു. ബോട്ടില്‍ നിന്നും കുട്ടികളുള്‍പ്പെടെ 38 പേരെ രക്ഷപ്പെടുത്തിയതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) വക്താവ് പറഞ്ഞു.
ജൂലൈ 10ന് സെനഗല്‍ മത്സ്യബന്ധന ഗ്രാമമായ ഫാസ് ബോയിയില്‍ നിന്ന് 101 പേരുമായാണ് ബോട്ട് പുറപ്പെട്ടത്. യൂറോപ്പിലേയ്ക്ക് യാത്ര തിരിച്ച ഇവരുടെ ബോട്ട് മുങ്ങിയെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട്, കേപ് വെര്‍ഡെ ദ്വീപ് അതിര്‍ത്തിയില്‍ ഒഴുകി നടക്കുന്നതായി ബുധനാഴ്ച കണ്ടെത്തുകയായിരുന്നു. ഏഴുപേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ബോട്ടില്‍ നിന്നും കണ്ടെത്തുകയും 56 പേരെ കുറിച്ച് വിവരമില്ലെന്നും ദ്രുതകര്‍മ്മ സേന അറിയിച്ചു.
ബോട്ടില്‍ നിന്ന് രക്ഷപ്പെട്ടുത്തിആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴ് പേരുടെ ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സാലിലെ ആരോഗ്യ ഉദ്യോഗസ്ഥന്‍ ജോസ് മൊറേറ വ്യക്തമാക്കി. ബോട്ടിലുണ്ടായിരുന്ന ഒട്ടുമിക്ക പേരും സെനഗലില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സെനഗല്‍ കൂടാതെ സിയറ ലിയോണ്‍, ഗിനിയ-ബിസാവു എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ബോട്ടില്‍ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്തിന് സമീപത്തുള്ള അറ്റ്‌ലാന്റിക് ദ്വീപസമൂഹമാണ് കേപ് വെര്‍ഡെ. യൂറോപ്യന്‍ യൂണിയനിന്റെ ഭാഗമായ സ്പാനിഷ് കാനറി ദ്വീകലളിലേക്കുള്ള സമുദ്രത്തിലൂടെയുള്ള കുടിയേറ്റ പാതയിലാണ് കേപ് വെര്‍ഡെ സ്ഥിതി ചെയ്യുന്നത്. പ്രതിവര്‍ഷം ആയിരകണക്കിന് ആഫ്രിക്കന്‍ പൗരന്മാരാണ് മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ച് ഈ ദുര്‍ഘടമായ പാതയിലൂടെ യാത്ര ചെയ്യുന്നത്.