ക്വാളിറ്റി നഷ്ടമാകാതെ ചിത്രങ്ങള്‍ പങ്കുവയ്ക്കാവുന്ന ഫീച്ചര്‍ വാട്സാപ്പില്‍ അവതരിപ്പിച്ച് സക്കര്‍ബര്‍ഗ്. ചിത്രങ്ങളുടെ അതേ ക്വാളിറ്റിയില്‍ അത് ഉപയോക്താക്കൾക്ക് പങ്കിടാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഇതോടെ ക്വാളിറ്റി നഷ്ടപ്പെടാതിരിക്കാൻ ചിത്രങ്ങൾ ഇനി മുതല്‍ ഡോക്യുമെന്റായി ആയക്കേണ്ടതില്ലെന്നാണ് സക്കര്‍ബര്‍ഗിന്‍റെ പ്രഖ്യാപനം.
നിലവില്‍ വാട്സാപ്പിലൂടെ അയയ്ക്കുന്ന ചിത്രങ്ങൾ സ്റ്റാൻഡേർഡ് ക്വാളിറ്റിയിൽ ഉള്ളതാണ്. ക്വാളിറ്റി നഷ്ടമാകാതെ ഇരിക്കാന്‍ ഡോക്യുമെന്‍റായി അയയ്ക്കണമായിരുന്നു. പുതിയ ഫീച്ചറിലൂടെ ചിത്രങ്ങള്‍ അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുമ്പോൾ സ്റ്റാൻഡേർഡ് ക്വാളിറ്റിയിലെ ചിത്രങ്ങൾ അതേ ക്വാളിറ്റിയിൽ നിലനിർത്താനും എച്ച് ഡി ക്വാളിറ്റിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ഉപയോക്താവിന് അവസരം നല്‍കുന്നുണ്ട്. പുതിയ ഫീച്ചർ ഏതാനും ആഴ്ചകൾക്കുള്ളിൽ ലഭ്യമാകുമെന്നാണ് വിവരം.
എച്ച് ഡി ചിത്രങ്ങൾ മാത്രമല്ല എച്ച് ഡി ദൃശ്യങ്ങളും ഉടൻ തന്നെ ഇതേ രീതിയില്‍ പങ്കിടാന്‍ അവസരമൊരുക്കുമെന്നും മാർക്ക് സക്കർബർഗ് വ്യക്തമാക്കിയിട്ടുണ്ട്. ഇതു കൂടാതെ വീഡിയോ കോളുകൾ പോർട്രെയ്റ്റ് മോഡിൽ മാത്രമല്ല ലാൻഡ്‌സ്‌കേപ്പ് മോഡിലും ആസ്വദിക്കാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ചാറ്റിലൂടെ ചെറിയ സ്വകാര്യ വീഡിയോകൾ റെക്കോർഡ് ചെയ്ത് പങ്കിടാൻ കഴിയുന്ന പുതിയ ഫീച്ചർ വാട്സാപ് അവതരിപ്പിച്ചത്.