Tuesday, November 26, 2024

ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ സൈന്യങ്ങൾ തമ്മിൽ ചർച്ച നടത്തി

കിഴക്കൻ ലഡാക്കിലെ ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ മേജർ – ജനറൽതല ചർച്ചകൾ നടത്തിയതായി റിപ്പോര്‍ട്ട്. ദൗലത്ത് ബേഗ് ഓൾഡിയിലും (ഡി.ബി.ഒ) ചുഷൂലിലുമാണ് ചര്‍ച്ചകള്‍ നടന്നത്. അടുത്തയാഴ്ച ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കാനിരിക്കുന്ന ബ്രിക്‌സ് നേതാക്കളുടെ യോഗത്തിനു മുന്നോടിയായാണ് ചര്‍ച്ചകള്‍ നടന്നത്.

“ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിംഗ്‌പിംഗും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്കു മുന്നോടിയായി ആഗസ്റ്റ് 13, 14 തീയതികളിൽ ഇരുപക്ഷവും തമ്മിൽ നടന്ന കോർപ്സ് കമാൻഡർ ചർച്ചകളുടെ ഫലമായാണ് മേജർ – ജനറൽതല ചർച്ചകൾ നടന്നത്” – ഉന്നത പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ദെപ്സാങ് പ്ലെയിൻസിലെയും സി.എൻ.എൻ ജംഗ്ഷനിലെയും പ്രശ്നങ്ങൾ പരിഹരിക്കാനും ചർച്ചയില്‍ ധാരണയായതായാണ് വിവരം. മേജര്‍ – ജനറല്‍തല ചര്‍ച്ചകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മേജർ ജനറൽ പി.കെ. മിശ്രയും മേജർ ജനറൽ ഹരിഹരനും പങ്കെടുത്തു.

ഗാൽവാൻ താഴ്‌വരയില്‍ 2020-ലുണ്ടായ ഏറ്റുമുട്ടലിനുശേഷം മേഖലയില്‍ സംഘര്‍ഷസാധ്യത തുടര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കിഴക്കന്‍ ലഡാക്കിലെ കമാന്‍ഡര്‍ മേധാവികള്‍ തമ്മില്‍ ആഗസ്റ്റ് 13, 14 തീയതികളിലായി ചര്‍ച്ച നടത്തി. ചര്‍ച്ചകളില്‍ നിയന്ത്രണരേഖയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സൈന്യത്തെ പിന്‍വലിക്കാനും ധാരണയിലെത്തിയിരുന്നു. ഇതിനു തുടര്‍ച്ചയായാണ് മേജർ – ജനറൽതല ചർച്ചകൾ നടന്നത്.

Latest News