വംശീയകലാപത്തെ തുടര്‍ന്ന് അയൽരാജ്യമായ മ്യാന്മറിലേക്ക് പലായനം ചെയ്ത മണിപ്പൂരികള്‍ നാട്ടിലേക്ക് മടങ്ങിയെത്തി. ഏകദേശം 200-ലധികം മെയ്തെയ് വിഭാഗക്കാരാണ് മണിപ്പൂരില്‍ മടങ്ങിയെത്തിയത്. പലായനം ചെയ്തവര്‍ നാട്ടില്‍ തിരിച്ചെത്തിയതായി മുഖ്യമന്ത്രി ബിരേൻ സിംഗാണ് അറിയിച്ചത്.
മെയ് മാസത്തില്‍ മണിപ്പൂരില്‍ വംശീയകലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മ്യാന്മറിനോട് അതിര്‍ത്തിപങ്കിടുന്ന മോറെയിൽ നിന്ന് 230-ഓളം മെയ്‌തെയ് വിഭാഗക്കാര്‍ അതിര്‍ത്തികടന്നിരുന്നു. ഇവരെയാണ് രാജ്യത്തേക്ക് മടക്കിക്കൊണ്ടുവന്നത്. “പലായനം ചെയ്ത മെയ്തേയ് വിഭാഗക്കാരെ നാട്ടിലെത്തിക്കുന്നതിൽ സൈന്യം കാണിച്ച അർപ്പണബോധത്തിന് നന്ദി. ജി.ഒ.സി ഈസ്റ്റേൺ കമാൻഡ്, ലഫ്റ്റനന്റ് ജനറൽ ആർ.പി. കലിത, ജി.ഒ.സി 3 കോർപ്, ലഫ്റ്റനന്റ് ജനറൽ എച്ച്.എസ്. സാഹി, കേണൽ രാഹുൽ ജെയിൻ എന്നിവർക്ക് ആത്മാർഥമായ നന്ദി” – മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.
അതിനിടെ, മണിപ്പൂരിലെ ഉഖ്റുൽ ജില്ലയിലെ കുക്കി തോവൈ ഗ്രാമത്തിൽ വെള്ളിയാഴ്ച നടന്ന വെടിവയ്പ്പിൽ മൂന്ന് കുക്കിയുവാക്കള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ആയുധങ്ങളുമായെത്തിയ അജ്ഞാതരായ അക്രമികളുടെ വെടിവയ്പിലാണ് കുക്കിവിഭാഗത്തിൽപെട്ട യുവാക്കൾ കൊല്ലപ്പെട്ടത്. അക്രമം വ്യാപിക്കാതിരിക്കാൻ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.