ഓര്‍ത്തഡോക്‌സ് സഭ കൊല്ലം മുന്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോണിയോസ് (87) കാലം ചെയ്തു. ഔദ്യോഗിക ചുമതലകളില്‍ നിന്നൊഴിഞ്ഞ് മല്ലപ്പള്ളി ആനിക്കാട് അന്തോണിയോസ് ദയറായില്‍ വിശ്രമജീവിതം നയിക്കവയാണ് അന്ത്യം. കബറടക്കം പിന്നീട്.
1946 ജൂലൈ 19 ന് പുനലൂരിലെ ആറ്റുമാലില്‍ ഡബ്ല്യു സി എബ്രഹാമിന്റെയും മറിയാമ്മയുടെയും മകനായാണ് സഖറിയാസ് മാര്‍ അന്തോണിയോസ് ജനിച്ചത്. പുനലൂരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1962 ല്‍ എസ്എസ്എല്‍സിക്ക് ശേഷം പോസ്റ്റ് എസ്എസ്എല്‍സി വിദ്യാര്‍ഥി ആയാണ് ആദ്യം കൊല്ലത്തെത്തുന്നത്. തുടര്‍ന്നു ഇന്റര്‍മീഡിയറ്റ്. 1968 ല്‍ കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടി. കോട്ടയം പഴയ സെമിനാരിയിലാണ് ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയത്.
നെടുമ്പായിക്കുളം, കുളത്തൂപ്പുഴ, കൊല്ലം കാദീശ തുടങ്ങി അനേകം ഇടവകകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം ബിഷപ്‌സ് ഹൗസില്‍ ദീര്‍ഘകാലം മാനേജരായിരുന്നു. 1989 ഡിസംബര്‍ 28 ന് മെത്രാപ്പൊലീത്തയായി അവരോധിക്കപ്പെട്ടു. 1991 ഏപ്രില്‍ 30ന് വാഴിക്കപ്പെട്ടു. 2009 ഏപ്രില്‍ ഒന്നിന് അദ്ദേഹം കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്തയായി. 1991 മുതല്‍ 2009 മാര്‍ച്ച് 31 വരെ വരെ അദ്ദേഹം കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത ആയിരുന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സഹപാഠിയായിരുന്നു അദ്ദേഹം.