പ്രതിമാസ ധനസഹായം മുടങ്ങിയതിനെ തുടര്‍ന്ന് അഞ്ച് മാസമായി എച്ച്.ഐ.വി ബാധിതര്‍ ദുരിതത്തില്‍. പതിനായിരത്തോളം വരുന്ന എച്ച്.ഐ.വി ബാധിതർക്ക് 1000 രൂപ വീതമുള്ള ധനസഹായമാണ് സംസ്ഥാനത്ത് മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്. ധനസഹായം മുടങ്ങാന്‍ കാരണം ഫണ്ടില്ലാത്തതിനാലാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഈ വർഷം ഏപ്രിൽ മുതലുള്ള അഞ്ചുമാസത്തെ കുടിശിക കൊടുത്തുതീര്‍ക്കുന്നതിന് ഏകദേശം നാലരക്കോടി രൂപ എങ്കിലും അനുവദിക്കേണ്ടതുണ്ട്. ഇതില്‍ പുതിയ അപേക്ഷകർക്കുള്ള ധനസഹായവും ഉള്‍പ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ധനസഹായം അനുവദിക്കുന്നതിനായി വിഷയം ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അറിയിച്ചു. എന്നാല്‍, സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ ഓണത്തിനുമുൻപ് കുടിശിക തുക അനുവദിക്കുമോയെന്നും ആശങ്ക ഉയരുന്നുണ്ട്.
അതേസമയം, കഴിഞ്ഞ വർഷം ജൂലൈ മുതലുള്ള കുടിശിക തുക അനുവദിക്കുന്നതിന് 21 കോടി രൂപ ആവശ്യപ്പെട്ട് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ആരോഗ്യവകുപ്പിന് കത്തെഴുതി. എങ്കിലും ബജറ്റ് വിഹിതമായി 11.05 കോടി രൂപ മാത്രമാണ് മാറ്റിവച്ചത്. ഇതിൽ നിന്ന് 9.43 കോടി മാത്രമാണ് കഴിഞ്ഞമാസം 27-ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്ക് അനുവദിച്ചത്. ഈ തുക ഉപയോഗിച്ചാണ് ഈ വർഷം മാർച്ച് വരെയുള്ള കുടിശിക തുക എച്ച്.ഐ.വി ബാധിതർക്ക് കൊടുത്തുതീർത്തത്.