Monday, November 25, 2024

ഗതാഗതനിയമങ്ങള്‍ ലംഘിച്ചാല്‍ രാജ്യംവിടാന്‍ കഴിയില്ല: കുവൈറ്റില്‍ പുതിയ നിയമം പ്രാബല്യത്തില്‍

കുവൈറ്റില്‍ ഭേദഗതി വരുത്തിയ ഗതാഗതനിയമം പ്രാബല്യത്തില്‍ വന്നതായി ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. ഗതാഗതനിയമങ്ങള്‍ ലംഘിച്ചാല്‍ പിഴയടക്കാതെ രാജ്യംവിടാന്‍ കഴിയില്ലെന്നാതാണ് പുതിയ നിയമം. അപകടങ്ങള്‍ കുറയ്ക്കുക, സുരക്ഷ വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നതെന്ന് മന്ത്രാലയത്തിന്‍റെ ഉത്തരവില്‍ പറയുന്നു.

ഗതാഗത നിയമ ലംഘനങ്ങളുടെ പേരിലുളള പിഴ അടക്കുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. നിയമം പ്രാബല്യത്തില്‍ വന്നതോടെ നിയമ ലംഘകരെ കണ്ടെത്താന്‍ രാജ്യത്തെ എയര്‍പോര്‍ട്ടുകളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പരിശോധനയും ആരംഭിച്ചിട്ടുണ്ട്. പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ താമസ രേഖ പുതുക്കാന്‍ കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു. .

നിരീക്ഷണ ക്യാമറയില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ പലപ്പോഴും ശ്രദ്ധയില്‍പ്പെടാതെ വരാം. എന്നാല്‍ ട്രാഫിക് വിഭാഗത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും മൊബൈല്‍ ആപ്പിലൂടെയും പിഴ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ കഴിയുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാഹനം ഓടിക്കുന്നവര്‍ രാജ്യത്തെ ഗാതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.

Latest News