പാട്നയിലെ ‘അടല്‍ ബിഹാരി വാജ്പേയി പാര്‍ക്കി’ന്റെ പേര് വീണ്ടും ‘കോക്കനട്ട് പാര്‍ക്ക്’ എന്നാക്കി ബീഹാര്‍ സര്‍ക്കാര്‍. ബീഹാര്‍ പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രി തേജ് പ്രതാപാണ് പാര്‍ക്കിന്റെ പേര് പുനഃര്‍നാമകരണം ചെയ്തതായി അറിയിച്ചത്. കങ്കര്‍ബാഗില്‍ സ്ഥിതിചെയ്യുന്ന പാര്‍ക്ക്, 2018-ലായിരുന്നു അടല്‍ ബിഹാരി വാജ്പേയിയുടെ പേരിലേക്കു മാറ്റിയത്.
2018 വരെ കോക്കനട്ട് എന്നറിയപ്പെട്ടിരുന്ന പാര്‍ക്ക് വാജ്പേയിയുടെ മരണശേഷം ‘അടൽ ബിഹാരി വാജ്പേയി പാർക്ക്’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. എന്നാല്‍ ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നാണ് പാര്‍ക്കിന്റെ പേരുമാറ്റത്തിലേക്കുവരെ എത്തിയതെന്നാണ് വിവരം. എന്നാല്‍ പേര് കോക്കനട്ട് പാര്‍ക്ക് എന്നാക്കിമാറ്റിയെങ്കിലും അടല്‍ ബിഹാരി വാജ്പേയിയുടെ ബോര്‍ഡ് ഇപ്പോഴും പാര്‍ക്കിനു പുറത്ത് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തിന്റെ പ്രതിമയും പാര്‍ക്കിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം പേരുമാറ്റം, ബീഹാറിൽ പുതിയ രാഷ്ട്രീയപോരാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ്. തീരുമാനത്തിനെതിരെ ബി.ജെ.പി, നിതീഷ്കുമാർ സർക്കാരിനെതിരെ രംഗത്തെത്തി. “സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പാണ്. ഒരുവശത്ത് നിതീഷ്കുമാർ വാജ്പേയിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തുമ്പോൾ, മറുവശത്ത് അദ്ദേഹത്തിന്റെ മന്ത്രി തേജ് പ്രതാപ്, വാജ്പേയി പാർക്കിന്റെ പേരുമാറ്റുന്നു” – ബി.ജെ.പി വക്താവ് അരവിന്ദ് കുമാർ സിംഗ് പറഞ്ഞു.