കാനഡയെ ഭീതിയിലാഴ്ത്തി വിവിധ ഇടങ്ങളില്‍ കാട്ടുതീ രൂക്ഷമാകുന്നു. ബ്രിട്ടീഷ് കൊളംബിയ ഉള്‍പ്പടെയുള്ള വിവിധ മേഖലകളിലെ 400 ഇടങ്ങളിലാണ് കാട്ടുതീ ഭീഷണിയുയര്‍ത്തുന്നത്. കാട്ടുതീയെ തുടര്‍ന്ന് നിരവധി ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് വിമാനമാര്‍ഗവും അല്ലാതെയും മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് മൊത്തം ആയിരം ഇടങ്ങളിലാണ് അഗ്നിബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാട്ടുതീയെ തുടര്‍ന്ന് ബ്രിട്ടീഷ് കൊളംബിയ സംസ്ഥാനത്തു മാത്രമായി 30,000 വീടുകൾ അടിയന്തരമായി കുടിയൊഴിയാൻ നിർദേശം നൽകി. ഒന്നരലക്ഷത്തോളം താമസക്കാരുള്ള കെലോവ്നയിലേക്ക് അധികൃതർ യാത്ര വിലക്കി. ഇവിടെ നിരവധി വീടുകൾ അഗ്നിക്കിരയായതായും റിപ്പോര്‍ട്ടുകളുണ്ട്. അഗ്നിബാധ റിപ്പോർട്ട് ചെയ്ത ഇടങ്ങളിലെല്ലാം തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.