Sunday, November 24, 2024

ബ്രിക്സ് ഉച്ചകോടി: പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു

ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. ആഗസ്റ്റ് 22 മുതൽ 24 വരെ നടക്കുന്ന 15-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അംഗരാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കും. ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും ജൊഹാനസ്ബർഗ് വേദിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലെത്തുന്നത്. ഉച്ചകോടിക്ക് ജൊഹാനസ്ബർഗിലെത്തുന്ന നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്താനും, ഈ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട അതിഥിരാജ്യങ്ങളുമായി ആശയവിനിമയം നടത്താനും ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രസ്താവനയിൽ അറിയിച്ചു. കൂടാതെ, ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന ബ്രിക്‌സ്-ആഫ്രിക്ക ഔട്ട്‌റീച്ച്, ബ്രിക്സ് പ്ലസ് ഡയലോഗ് ഇവന്റുകളിലും പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുവര്‍ഷവും ബ്രിക്സ് ഉച്ചകോടി വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമുകളുടെ സഹാത്തോടെയായിരുന്നു നടത്തിയിരുന്നത്. അതിനാല്‍ ഇത്തവണ നിർണ്ണായക ഉഭയകക്ഷിചര്‍ച്ചകളുടെ വേദിയായി ഉച്ചകോടി മാറും. ബ്രിക്സ് അംഗത്വത്തിനായി 23 രാജ്യങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ വിപുലീകരണം ആവശ്യമോ അല്ലയോ എന്നതാകും ഉച്ചകോടിയുടെ പ്രധാന അജണ്ട.

Latest News