Sunday, November 24, 2024

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍: നാലുപേര്‍ മരിച്ചു

കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഉത്തരാഖണ്ഡില്‍ നാലുപേര്‍ മരിച്ചു. രണ്ടു സ്ത്രീകളും നാലുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെയുള്ളവരാണ് മരിച്ചതായി പൊലീസ് അറിയിച്ചത്. ആഗസ്റ്റ് 22 മുതൽ 24 വരെ ഉത്തരാഖണ്ഡില്‍ കനത്തതോ, അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാവകുപ്പ് (ഐ.എം.ഡി) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലെ ചമ്പയിലുണ്ടായ മണ്ണിടിച്ചിലിലാണ് നാലുമാസം പ്രായമായ കുഞ്ഞുള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്തത്. കാണാതായ ഒരാൾക്കുവേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ നവനീത് സിംഗ് ഭുള്ളറൈഡ് പറഞ്ഞു; ചമ്പ പൊലീസ് സ്റ്റേഷനു സമീപമുള്ള ടാക്സി സ്റ്റാൻഡിൽ മണ്ണിടിച്ചിലുണ്ടായതിനാൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ണിടിച്ചിലിനെ തുടർന്ന് ന്യൂ തെഹ്‌രി – ചമ്പ മോട്ടോർ റോഡും തടസ്സപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ സേന (എസ്‌.ഡി.ആർ.എഫ്) സ്ഥലത്ത് എക്‌സ്‌കവേറ്റർ യന്ത്രങ്ങൾ വിന്യസിപ്പിച്ചിട്ടുണ്ട്.

അടുത്ത രണ്ടു ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ കനത്ത മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് തെഹ്‌രി ജില്ലയിലെ ഭിലങ്കാന, ചമ്പ, നരേന്ദ്രനഗർ, ജൗൻപൂർ എന്നിവിടങ്ങളിലെ ഒന്നു മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ എല്ലാ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Latest News