മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിനുപിന്നാലെ ജോലിയിൽനിന്നു പുറത്താക്കിയതായി പരാതി. വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായ പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ. സതിയമ്മയ്ക്കാണ് ജോലി നഷ്ടമായത്. പിരിച്ചുവിട്ടതിന് മറ്റു കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടിയില്ലെന്നും ജീവനക്കാരി അറിയിച്ചു.
ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനുകീഴിലെ മൃഗാശുപത്രിയിലാണ് സതിയമ്മ ജോലിചെയ്തിരുന്നത്. സെപ്റ്റംബര്‍ അഞ്ചിനു നടക്കാനിരിക്കുന്ന പുതുപ്പളളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ചാനൽ പ്രതികരണം തേടിയപ്പോള്‍, ഉമ്മൻ ചാണ്ടി ചെയ്തുതന്ന സേവനത്തെപ്പറ്റിയും ഇത്തവണ ചാണ്ടി ഉമ്മന്‍ വോട്ടുനൽകുമെന്നും സതിയമ്മ പറഞ്ഞിരുന്നു. ഞായറാഴ്ച, ചാനൽ ഇത് സംപ്രേക്ഷണം ചെയ്തതിനു തൊട്ടുപിന്നാലെ മൃഗസംരക്ഷണവകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ഇനി ജോലിക്ക് കയറേണ്ട എന്ന് നിർദേശിക്കുകയായിരുന്നു. ഒഴിവാക്കാൻ മുകളിൽനിന്നു സമ്മർദമുണ്ടെന്നും ഡപ്യൂട്ടി ഡയറക്ടർ സൂചിപ്പിച്ചതായി സതിയമ്മ പറഞ്ഞു.
അതേസമയം ഇവരുടെ കാലാവധി കഴിഞ്ഞതിനാലാണ് പിരിച്ചുവിട്ടതെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ പ്രതികരണം.