ചെസ്സ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദ ലോക ഒന്നാംനമ്പര്‍ താരമായ മാഗ്നസ് കാൾസണുമായി ഏറ്റുമുട്ടും. ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4.30-നാണ് കലാശപ്പോര്. സെമിയില്‍ ലോക രണ്ടാംനമ്പര്‍ താരം ഫാബിയാനോ കരുവാനെയെ അട്ടിമറിച്ചാണ് പ്രഗ്നാനന്ദ കലാശപ്പോരിന് യോഗ്യത നേടിയത്.
രണ്ട് പതിറ്റാണ്ടുകൾക്കുശേഷമാണ് ഒരു ഇന്ത്യൻതാരം ചെസ്സ് ലോകകപ്പ് ഫൈനൽ കളിക്കുന്നത്. മുമ്പ് 2000-ത്തിലും 2002-ലും വിശ്വനാഥൻ ആനന്ദിലൂടെ ഇന്ത്യ ചെസ്സ് ലോകകിരീടം നേടിയിരുന്നു. ലോക ഒന്നാംനമ്പര്‍ താരമാണെങ്കിലും കലാശപ്പോരില്‍, ഇന്ത്യയുടെ എതിരാളിയായ, നോര്‍വെ താരമായ 31-കാരനായ കാൾസണ് ചെസ്സ് ലോകകപ്പ് നേടാൻ കഴിഞ്ഞിട്ടില്ല. അതിനാല്‍ നോർവെ താരത്തിന്റെ ലക്ഷ്യവും ആദ്യ ലോകകിരീടം നേടുക എന്നതാണ്.
ഇതുവരെ മൂന്നുതവണ പ്രഗ്നാനന്ദ ലോക ഒന്നാംനമ്പർ താരത്തെ തോല്പിച്ചിട്ടുണ്ട്. 2016-ൽ തന്റെ പത്താം വയസ്സിലാണ് പ്രഗ്നാനന്ദ, മാഗ്നസ് കാൾസനെ ആദ്യമായി തോല്പിച്ചത്. പിന്നാലെ 2018-ലും 2022-ലും കാൾസനെ ഇന്ത്യൻ കൗമാരതാരം തോല്പിച്ചിട്ടുണ്ട്. മൂന്നുതവണയും ഓൺലൈനായിട്ടായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. ആദ്യമായി ഓവർ ദി ബോർഡ് ഇരുതാരങ്ങളും ലോകകപ്പ് ഫൈനലിൽ നേർക്കുനേർ വരികയാണ്. നാലാം തവണയും ലോക ഒന്നാംനമ്പർ താരത്തെ തോല്പിച്ച് ചെസ്സ് ലോകകപ്പ് ഇന്ത്യയിലേക്ക് എത്തിക്കുകയാണ് പ്രഗ്നാനന്ദയുടെ ലക്ഷ്യം.